ന്യൂഡൽഹി : കൊടും ചൂടിൽ വലയുകയാണ് ഡൽഹി. ഉഷ്ണ തരംഗം സ്ഥിരീകരിച്ച രാജ്യ തലസ്ഥാനത്ത് 11 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് ആണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. നജഫ്ഗഡ് പ്രദേശത്താണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 47.4 ഡിഗ്രി സെൽഷ്യസ് ആണ് നജഫ്ഗഡിൽ താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗത്തെ തുടർന്ന് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 30 വരെ അവധി പ്രഖ്യാപിച്ചു.
വരുന്ന നാല് ദിവസങ്ങളിലും ഡൽഹിയിൽ ഉഷ്ണ തരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയെ കൂടാതെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ചൂട് കനത്തതോടെ ഉത്തർപ്രദേശിലും ബീഹാറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ആഗ്ര അടക്കമുള്ള പല മേഖലകളിലും ഇന്ന് 46.9 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുന്നവരും പുറത്ത് ജോലി ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത് എന്നും നിർദ്ദേശമുണ്ട്.
Discussion about this post