ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ഡൽഹി ഹൈക്കോടതിയാണ് വിധി പറയുക. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് വിധി പ്രസ്താവം. ജസ്റ്റീസ് സ്വർണ കാന്ത ശർമ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
ജാമ്യാപേക്ഷയിൽ ഈ മാസം 14 നാണ് വാദം പൂർത്തിയായത്. ഇതേ കേസ് വിചാരണ കോടതിയിൽ വാദം പൂർത്തിയാക്കിയിരുന്നു. അന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇതിനെതിരെയാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്.
ഡൽഹിയുടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവിൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൂഢാലോചനയിൽ സിസോദിയ സുപ്രധാന പങ്ക് വഹിച്ചിരുന്നതായും നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നതായും സിബിഐ പറയുന്നു. മദ്യവ്യവസായികൾക്ക് അനുകൂലമാകുന്ന തരത്തിൽ നയം രൂപീകരിച്ചുവെന്നാണ് ആരോപണം.










