കൊളംബോ; ബ്രിക്‌സ് അംഗത്വമെടുക്കാൻ സഹായിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ശ്രീലങ്ക. ഇന്ത്യ ബ്രിക്‌സിന്റെ ഭാഗമായതിന് ശേഷം സംഘടന കൂടുതൽ മെച്ചപ്പെട്ടുവെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്രി പറഞ്ഞു. ബ്രിക്സിലേക്ക് അംഗത്വം നേടാൻ ഇന്ത്യയുടെ പിന്തുണ തേടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
‘ഞങ്ങൾ ബ്രിക്സിൽ അംഗത്വം നേടാൻ കാത്തിരിക്കുകയാണ്. അത് പരിശോധിക്കാനും ശുപാർശ ചെയ്യാനും ക്യാബിനറ്റ് ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ബ്രിക്സ് ഒരു നല്ല കൂട്ടായ്മയാണ്. പ്രത്യേകിച്ചും ഇന്ത്യ അതിന്റെ ഭാഗമായതിനാൽ’- സാബ്രി പറഞ്ഞു. 2024 ജനുവരി 1-ന്, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ നാല് പുതിയ അംഗങ്ങളും ചേർന്നു. ഇത് കൂട്ടായ്മയുടെ വർദ്ധിച്ചുവരുന്ന അധികാരത്തിന്റെയും അന്താരാഷ്ട്ര കാര്യങ്ങളിൽ അതിന്റെ പങ്കിന്റെയും ശക്തമായ സൂചനയാണ് എന്നും അലി സബ്രി കൂട്ടിച്ചേർത്തു. ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനായ ബ്രിക്സിന്റെ ചെയർമാൻ സ്ഥാനം നിലവിൽ റഷ്യയ്ക്കാണ്.
ഇന്ത്യയിൽ നിന്ന് ഉന്നതതല സന്ദർശനത്തിനായി ശ്രീലങ്കയിലേക്ക് പ്രധാനമന്ത്രി വരുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. എത്രയും വേഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ ഇന്ത്യ സന്ദർശിച്ചിരുന്നു. അതിനാൽ ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ശ്രീലങ്ക സന്ദർശിക്കാനുള്ള സമയമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് വിക്രമസിംഗെയുടെ ഇന്ത്യ സന്ദർശനത്തിൽ രാഷട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുമായും മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം ശക്തിപ്പെടുത്തി. ഇന്ത്യയുടെ നെയ്ബർഹുഡ് ഫസ്റ്റ് പോളിസിയിലും വിഷൻ സാഗറിലും ശ്രീലങ്ക ഒരു പ്രധാന പങ്കാളിയാണ്
2006 സെപ്റ്റംബറിൽ ബ്രസീൽ റഷ്യ ഇന്ത്യ ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ബ്രിക് രൂപീകരിച്ചത്. 2019 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയെ അംഗമായി അംഗീകരിച്ചതോടെ ബ്രിക്‌സ് എന്ന പേരായി മാറ്റുകയായിരുന്നു. ഈ അഞ്ച് രാജ്യങ്ങൾ ചേർന്ന് ആഗോള സമ്പദ് വ്യവസ്ഥയുടെ നാലിലൊന്നിനെ പ്രതിനിധീകരിക്കുന്നു . ആഗോള സാമ്പത്തിക വളർച്ചയിൽ ഈ രാജ്യങ്ങൾ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.
Discussion about this post