ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. രാഹുലിന് വേണ്ടി 93 പത്രികകളാണ് സമര്‍പ്പിക്കുന്നത്. എതിരായി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വൈകിട്ടോടെ പ്രസിഡന്റ് സോണിയ ഗാന്ധി രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
രാഹുല്‍ പത്തരയോടെ 24 അക്ബര്‍ റോഡിലുള്ള പാര്‍ട്ടിയുടെ ആസ്ഥാനത്തെത്തിനാമനിര്ദേശ പത്രിക സമര്‍പ്പിച്ചു. സോണിയാ ഗാന്ധിയും മന്മോഹന് സിങും രാഹുലിന് വേണ്ടി നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടും. എ.കെ ആന്റണിയും ഗുലാം നബി ആസാദും പി ചിദംബരവുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും പത്രികയില്‍ ഒപ്പിടുന്നുണ്ട്. രാഹുല്‍ അല്ലാതെ മറ്റാരുടെ പേരിലും ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചുവെന്ന റെക്കോര്‍ഡിട്ടാണ് കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന സോണിയ ഗാന്ധി സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നത്. രാജീവ് ഗാന്ധിയുടെ മരണ ശേഷം വര്‍ഷങ്ങളോളം രാഷ്ട്രീയ രംഗത്തു നിന്ന മാറി നിന്ന ഗാന്ധി കുടുംബം 1998-ലാണ് പൊതുരംഗത്തെത്തുന്നത്. അന്നുമുതല്‍ എ.ഐ.സി.സി പ്രസിഡന്റായി തുടരുന്ന സോണിയ അനാരോഗ്യം കാരണം സ്ഥാനമൊഴിയുമെന്ന് ഏറെ നാളുകളായി അഭ്യൂഹമുണ്ടായിരുന്നു.
കാല് നൂറ്റാണ്ടിന് ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു യുവാവ് കടന്നു വരുന്നത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം 1985-ല്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോള്‍ മകന് രാജീവ് ഗാന്ധിക്ക് 41 വയസ്സായിരുന്നു. അദ്ദേഹം 1991-ല്‍ മരിക്കുന്നതുവരെ സ്ഥാനത്ത് തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ പ്രായം 47 ആണ്.
വൈകുന്നേരത്തിനുള്ളില്‍ മറ്റാരും പത്രിക സമര്‍പ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Discussion about this post