അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ.എം. സി.പി.ഐ.എം മത്സരിക്കാത്ത മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം അരുണ്‍ മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് പ്രതീക്ഷിക്കുന്നതായും ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
33 ജില്ലകളില്‍ പാര്‍ട്ടി സാന്നിധ്യമുള്ള 18 ജില്ലകളില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും. ഗുജറാത്തില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മ 14 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ സി.പി.ഐ.എം അഞ്ച് സീറ്റുകളില്‍ ജനവിധി തേടുന്നുണ്ട്. ഇത് ഒരു തരത്തിലും കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കില്ലെന്നും വോട്ട് ഭിന്നിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് നിയമസഭയില്‍ ഇതുവരെ സി.പി.ഐ.എമ്മിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. 1970-ല്‍ സി.പി.ഐ.എം അംഗം ഒട്ടഗോര വിജയിച്ചതൊഴിച്ചാല്‍ ഇടതുപക്ഷത്ത് നിന്ന് മറ്റാരും നിയമസഭയില്‍ എത്തിയിട്ടില്ല. പാലത്താന സീറ്റില്‍ നിന്ന് വിജയിച്ച് അദ്ദേഹം പിന്നീട് വിദേശത്തേക്ക് പോകുകയായിരുന്നു.
Discussion about this post