കൊച്ചി: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച് മണിക്കൂറിനുള്ളില്‍ കവി പവിത്രന് തീക്കുനി തന്റെ ഫേസ്ബുക്ക് കവിത പിന്‍വലിച്ചു. ‘പര്‍ദ്ദ’യെക്കുറിച്ചായിരുന്നു കവിത. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് സമരം ചെയ്യുന്നവരാരും പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാത്രി പോസ്റ്റ് ചെയ്ത കവിത, പ്രിയമിത്രങ്ങളെ വ്രണപ്പെടുത്തിയതിനാല്‍ രാത്രി തന്നെ പിന്‍വലിച്ചെന്ന് തീക്കുനി ഫേസ്ബുക്കില്‍ അറിയിച്ചു. ഭീഷണിയില്‍ കൊല്ലുമെന്ന സന്ദേശവും ഉണ്ടായിരുന്നു. ഇസ്ലാമിക ഭീകരരും തീവ്രവാദികളുമാണ് കവിത പിന്‍വലിപ്പിച്ചത്. തീക്കുനി ഇടതുപക്ഷ സഹയാത്രികനാണ്. ഫേസ്ബുക്കിന്റെ കവര്‍ ചിത്രം സഖാവ് എം.എ. ബേബിയുമൊത്തുള്ളതാണ്.
ഇടതുപക്ഷത്തിനു വേണ്ടി എഴുതുകയും എതിര്‍പക്ഷങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന തീക്കുനി സിപിഎം വേദികളില്‍ നിറഞ്ഞു നിന്നിരുന്നു. കൂലിപ്പണിക്കാരനായ തീക്കുനിയുടെ കവിതകള്‍ക്ക് ഏറെ വായനക്കാരുണ്ട്.
പര്‍ദ്ദയിട്ട സ്ത്രീയുടെ മുഖമാണ് കവിതയ്ക്കൊപ്പം. പ്രതികരിച്ചവരില്‍ മുസ്ലിം പേരുള്ളവരാണ് അസഭ്യവും ഭീഷണിയും പറഞ്ഞത്. തീക്കുനി ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു ഭീഷണിയും ആരില്‍നിന്നും ഉണ്ടായിട്ടില്ല. ‘സീത’ എന്ന കവിതയില്‍ ശ്രീരാമനെ വിമര്‍ശിക്കുകയും ‘അയോദ്ധ്യയേയും രാമനേയുംകാള്‍ കൊടുങ്കാടും ലങ്കയും രാവണനുമാണ് സുരക്ഷിതരെന്നും യോഗ്യരെന്നും’തീക്കുനി വിമര്‍ശിച്ചിട്ടുണ്ട്.
സെക്സി ദുര്‍ഗ്ഗയ്ക്കും പദ്മാവതിക്കും വേണ്ടി അഭിപ്രായ സ്വാതന്ത്ര്യത്തിനു പ്രസംഗിക്കുന്നവരാരും ഇതുവരെ തീക്കുനിയെ പിന്തുണയ്ക്കാന്‍ എത്തിയിട്ടില്ല. ‘ബിരിയാണി’ എന്ന കഥ എഴുതിയതിന് സന്തോഷ് ഏച്ചിക്കാനം ‘ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തി’യെന്ന വിമര്‍ശനത്തിനും ഭീഷണിക്കും ഇരയായി. ഏച്ചിക്കാനത്തെ പ്രസിദ്ധീകരണ ലോകത്ത് രഹസ്യമായി വിലക്കുകയും ചെയ്തു.
മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ ഫഌഷ് മോബിനെ പ്രശംസിച്ചതിന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്എംല്‍ ജോലിചെയ്യുന്ന ആര്‍ജെ സൂരജിനെ ‘ഗള്‍ഫിലിട്ട് കത്തിച്ചു കളയുമെന്ന്’ ഭീഷണിപ്പെടുത്തി. ഫഌഷ് മോബ് വിഷയത്തില്‍ എട്ടുവട്ടം മാപ്പപേക്ഷിച്ചാണ് ഖത്തറിലെ ജോലിപോലും സംരക്ഷിച്ചത്.
Discussion about this post