സ്വന്തമായി ഒരുസെന്റ് ഭൂമിക്കായി ജീവിതകാലം മുഴുവന്‍ പോരാടിയ പറക്കാടിയമ്മക്ക് അന്ത്യവിശ്രമത്തിനായി ഒടുവില്‍ ലഭിച്ചത് സ്വന്തമല്ലാത്ത വീട്ടുമുറ്റത്തെ ഒന്നരയടി താഴ്ചയുള്ള കുഴി. ആശിച്ച ഭൂമി ആദിവാസിക്ക്, അന്യാധീനപ്പെട്ട ഭൂമി ആദിവാസിക്ക് തുടങ്ങി തലങ്ങും വിലങ്ങും ക്ഷേമപദ്ധതികളുള്ള കേരളത്തിലാണ് പറക്കാടിയമ്മയ്ക്ക് ഒന്നരയടി കുഴിയില്‍ അന്ത്യവിശ്രമം കൊള്ളേണ്ടി വന്നത്.
ശനിയാഴ്ച രാത്രി അന്തരിച്ച കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് കൊടുമ്പാല മലയ ആദിവാസി കോളനിയിലെ പറക്കാടിയെയാണ് (90) വീട്ടുമുറ്റത്തെ ഒന്നരയടി പാറക്കുഴിയില്‍ മക്കള്‍ക്ക് അടക്കേണ്ടിവന്നത്. അമ്മ മരിച്ചപ്പോഴാണ് മൃതദേഹം മറവുചെയ്യേണ്ടതെവിടെയെന്ന ചോദ്യമുയര്‍ന്നതെന്ന് മകന്‍ വാസു പറയുന്നു.
‘മരിക്കുമ്പോള്‍ സ്വന്തം സ്ഥലത്ത് അടക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു’ വാസു പറയുന്നു. അന്ത്യകര്‍മങ്ങള്‍ വര്‍ഷംതോറും അനുഷ്ഠിക്കാന്‍ മക്കള്‍ക്ക് ബാധ്യതയുള്ളതിനാല്‍ മലയ ആദിവാസിവിഭാഗങ്ങളുടെ വിശ്വാസപ്രകാരം ശ്മശാനങ്ങളില്‍ മൃതശരീരം അടക്കംചെയ്യാനാവില്ല. ഒടുവില്‍ താമസിക്കുന്ന ഒരുസെന്റിലെ തേയ്ക്കാത്ത വീടിന്റെ മുന്നില്‍ ബാക്കിയുള്ള ഇത്തിരിസ്ഥലത്ത് കുഴിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു മക്കള്‍. കുഴികുത്തി ഒന്നരയടി എത്തിയപ്പോള്‍ പാറ കണ്ട് അവിടെ നിര്‍ത്തേണ്ടി വന്നു. മുറ്റത്തിന് മറുവശത്ത് കുത്താമെന്ന് വെച്ചാല്‍ അവിടെ കക്കൂസിന്റെ കുഴിയും. ഒടുവില്‍ ഒന്നരയടി താഴ്ചയില്‍ അമ്മയെ മറവുചെയ്യാന്‍ മക്കള്‍ തീരുമാനിക്കുകയായിരുന്നു. മൃതശരീരം കുഴിയില്‍ ഇറക്കിവെച്ച് ചുറ്റും സിമന്റ് കട്ടവെച്ച് ഒരടി ഉയര്‍ത്തിയശേഷം കുഴിയെടുത്തപ്പോള്‍ കിട്ടിയ ഇത്തിരി മണ്ണിട്ടുമൂടി.
‘ദുര്‍ഗന്ധമുണ്ടാവുമെന്ന് ഉറപ്പാണ്. ആചാരങ്ങള്‍ മാറ്റാമെന്ന് കരുതിയാലോ ഞങ്ങള്‍ക്ക് ശ്മശാനവുമില്ല’വാസു പറയുന്നു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് എല്ലാത്തിനും കാരണം. സ്വന്തമായി ഒരുതുണ്ടുഭൂമിക്കായി പ്രദേശത്തെ മറ്റ് 19 ആദിവാസി കുടുംബങ്ങള്‍ക്കൊപ്പം പറക്കാടിയമ്മ മുട്ടാത്ത വാതിലുകളില്ല. പ്രായാധിക്യം അമ്മയെ തളര്‍ത്തിയപ്പോള്‍ മക്കളായ ചന്ദ്രനും വാസുവും പരാതികളുമായി വില്ലേജ് ഓഫീസുതൊട്ട് പാലക്കാട് കളക്ടറേറ്റുവരെ പലവട്ടം കയറിയിറങ്ങി. 2015 ജനുവരിയില്‍ വാല്‍ക്കുളമ്പ് കോളനിയിലെ ആദിവാസികള്‍ക്ക് താമസിക്കുന്ന സ്ഥലം പതിച്ചുനല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ആലത്തൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
നടപടി രണ്ടുവര്‍ഷം നീണ്ടു. ഒടുവില്‍ ഡിസംബര്‍ ഏഴിന് ഒറ്റപ്പാലം താലൂക്കോഫീസില്‍ കൂടിക്കാഴ്ചക്കെത്തിയ വാല്‍ക്കുളമ്പ് കോളനിക്കാര്‍ക്ക് അവര്‍ നല്‍കിയ അപേക്ഷകള്‍ കാണാനില്ലെന്ന മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിച്ചത്. സംഭവത്തില്‍ ജനപ്രതിനിധികളും പ്രതിഷേധവുമായി എത്തിയതോടെ ഇവരില്‍ മൂന്നുപേരുടെ അപേക്ഷകള്‍ കണ്ടുകിട്ടിയെന്ന അറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. ഇവരുടെ അപേക്ഷയിലും നടപടിയണ്ടായില്ല.
ഭര്‍ത്താവ് വെള്ള വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ഉണ്ണിക്കൃഷ്ണന്‍, കല്ലു എന്നീ മക്കളും ഇവര്‍ക്കുണ്ട്.
Discussion about this post