കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അണീറുള് കുറ്റക്കാരനെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി കണ്ടെത്തി. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പിഴയും. ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിന തടവും പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപയാണ് അമീറുല്‍ ഇസ്ലാം പിഴയായി നല്‍കേണ്ടത്.
തുടര്‍ന്ന് ശിക്ഷാവിധി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന്, പ്രതിഭാഗം അഭിഭാഷകരുടെ വാദം നീണ്ടു പോയതിനാല്‍ ഇന്നലെയും ശിക്ഷ വിധിക്കാനായില്ല. ഇതേ തുടര്‍ന്ന് ജഡ്ജി എന്‍. അനില്‍കുമാറാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥപ്രതികള്‍ എന്നുമുള്ള വാദം തെളിയിക്കാനും പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അമീര്‍ തന്നെയാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയതെന്നും കോടതി കണ്ടെത്തി.
അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളും കുറ്റം സംശയാതീതമായി തെളിയിക്കുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ, തലമുടി, നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്, വീടിന് പുറത്തുനിന്നുകിട്ടിയ ഒരു ജോടി ചെരിപ്പ് എന്നിവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ പ്രധാന തെളിവുകള്‍. ഇതെല്ലാം നിര്‍ണായക തെളിവുകളായി കോടതി നിരീക്ഷിച്ചു.
ശക്തമായ വാദമുഖങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ കോടതിയില്‍ ഉയര്‍ത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് വാദിച്ചു. കേസ് അസാധാരണമാണ്.
ഡല്‍ഹി നിര്‍ഭയ കേസിന് സമാനമായ കേസാണിത്. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞിട്ടുണ്ട്. 33 തവണ കുത്തേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. ബിരുദാന്തര ബിരുദം പൂര്‍ത്തിയാക്കിയ നിയമ വിദ്യാര്‍ഥിയാണ് കൊല ചെയ്യപ്പെട്ടത്. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കരുതെന്നും, പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം ജിഷയെ മുന്‍പരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുള്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയും മക്കളും ഉണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്ന് മറുപടി നല്കി. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുള്‍ ആവശ്യപ്പെട്ടു.
ഇരുഭാഗത്തെയും അഭിഭാഷകര്‍ നിലപാട് ആവര്‍ത്തിച്ച് വാദം തുടര്‍ന്നതോടെ കേസില്‍ ശിക്ഷ വിധിക്കുന്നത് മാറ്റുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാധാകൃഷ്ണന് എന്നിവര്‍ ഹാജരായി.
അമീറുള്‍ ഇസ്ലാമിനെതിരെ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ 10 സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീറുള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
Discussion about this post