ഡല്‍ഹി: താജ്മഹലിനുള്ളില്‍ രണ്ട് യുവാക്കള്‍ ശിവനെ പൂജിക്കുന്ന വീഡിയോ പുറത്ത്. ബുധനാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താജ്മഹലിന് സുരക്ഷ നല്‍കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചിത്രീകരിച്ചതാവും ഈ വീഡിയോയെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് യുവാക്കള്‍ താജ്മഹലിനു സമീപം ചില പൂജാസാമഗ്രികള്‍ വെച്ചതായി ചില സന്ദര്‍ശകര്‍ സുരക്ഷാ ജീവനക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരും താജ്മഹലിനുള്ളില്‍ വിന്യസിച്ചിട്ടുളള സി.ഐ.എസ്.എഫും വിഷയത്തില്‍ ഇടപെടുകയായിരുന്നു.
‘സംഭവവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ജി ഓഫീസിനും ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് സൂപ്രണ്ടിനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താജ്മഹലിന്റെ ചുമതലയള്ള ഡെപ്യൂട്ടി കമാന്‍ഡന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്.’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം സെല്‍ഫോണ്‍ താജ്മഹലിനുള്ളില്‍ അനുവദനീയമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുവാക്കളുടെ പക്കല്‍ സംശയാസ്പദമായി ഒന്നും കണ്ടിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
Discussion about this post