ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലമായിരിക്കും. മുത്തലാഖ് നിരോധനം അടക്കമുള്ള ബില്ലുകളും രാഷ്ട്രീയവും ജാതീയവും മതപരവും ഭരണപരവുമായ പ്രശ്നങ്ങളും സമ്മേളനത്തില്‍ ബഹളത്തിലാക്കും.
ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും. ഭരണ, പ്രതിപക്ഷങ്ങള്‍ക്കു ഗുജറാത്ത് ഫലം ഒരുപോലെ നിര്‍ണായകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണു പ്രചാരണസമയത്തു കണ്ടത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങള്‍, സ്വകാര്യവല്‍ക്കരണം, പാക്കിസ്ഥാന് ബന്ധം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ക്കൊപ്പം ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും. ഓഖി ദുരന്തവും ദുരിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയമാണ്. ലോക്സഭ ഇന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയും.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവാദ എഫ്ഡിആര്‍ഐ ബില്ല് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കെത്തും. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നതടക്കമുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പ്രവാസി വോട്ടവകാശ, മുത്തലാഖ് നിരോധന ബില്ലുകള്‍ സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പരിഗണനയ്ക്ക് എത്തിയേക്കും. സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ഇരു ബില്ലുകളും.
സര്‍ക്കാരിനെതിരേ യോജിച്ച് പ്രതിരോധവും പ്രതിഷേധവും ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി, സിപിഎം, സിപിഐ, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് സംയുക്ത പോരിന് ധാരണയായത്.
മലയാളിയായ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്യസഭാംഗം ആയതിനു പിന്നാലെ നടക്കുന്ന ആദ്യ സമ്മേളനമാണിത്. അമിത് ഷായ്ക്കും കണ്ണന്താനത്തിനും പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള ആദ്യ സമ്മേളനമാണ്.
കഴിഞ്ഞ സമ്മേളനത്തിനു ശേഷം മരിച്ച എംപിമാരുടെ വേര്‍പാടില്‍ അനുശോചിച്ച് സഭ ഇന്നു പിരിയും.
Discussion about this post