ചണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കും എന്ന സ്വപ്‌നം കോൺഗ്രസ് മറക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 ഖബറിസ്ഥാനിലാണ് സംസ്‌കരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കുരുക്ഷേത്ര യുദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ ഗൊഹാനയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കും എന്നാണ് കോൺഗ്രസ് പറയുന്നത്. കശ്മീർ താഴ് വരയിൽ വീണ്ടും രക്തം ചിന്തണം എന്നാണ് ഇക്കൂട്ടരുടെ ആഗ്രഹം. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരും എന്നത് ഒരിക്കലും നടക്കാത്ത കോൺഗ്രസിന്റെ സ്വപ്‌നമാണ്.
കാരണം അതിന് കഴിയില്ല. ജമ്മു കശ്മീരിന്റെ അമിതാധികാരത്തെ കബറിസ്ഥാനിലാണ് കേന്ദ്രസർക്കാർ സംസ്‌കരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കുരുക്ഷേത്ര യുദ്ധമാണ്. ഇവിടെ വികസനവും വോട്ട് ജിഹാദുമാണ് പോരാടുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ എന്ന ഫോർമുലയാണ് കോൺഗ്രസ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഓരോ വർഷവും ആളെ മാറ്റാൻ ഇത് മാതു റാമിന്റെ ജിലേബി കടയാണോ എന്ന് സഖ്യത്തോട് ചോദിച്ച് നോക്കൂ. എനിക്ക് ഒരു കാര്യം ഹരിയാനയിലെ ജനങ്ങളോട് ചോദിക്കാനുണ്ട്. ആരാണ് തിരഞ്ഞെടുപ്പിൽ വിജയിക്കുക. ഈ ചോദ്യത്തോടുള്ള നിങ്ങളുടെ ഉത്തരമാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വന്തം രാജ്യവിരുദ്ധത മറച്ചുവയ്ക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. മോദി ചെയ്തതിന്റെയെല്ലാം എതിര് ചെയ്യുമെന്നാണ് കോൺഗ്രസ് പൊതുമദ്ധ്യത്തിൽ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post