ന്യൂഡൽഹി: ഉറപ്പായും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്ര. രാഹുലിന് രാജ്യത്തിന്റെ പൾസ് അറിയാം. രാഹുലിന് ആരെയും ഭയമില്ലെന്നും പ്രിയങ്ക പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
എല്ലായ്‌പ്പോഴും ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയാണ് രാഹുൽ. അദ്ദേഹത്തിന് എന്തുകൊണ്ട് പ്രധാനമന്ത്രി ആയിക്കൂട. ഉറപ്പായും രാഹുൽ നല്ലൊരു പ്രധാനമന്ത്രിയാകും. കാരണം അദ്ദേഹത്തിന് രാജ്യത്തിന്റെ പൾസ് അറിയാം. ഹിന്ദു ധർമ്മത്തെക്കുറിച്ച് രാഹുലിന് നല്ല ബോദ്ധ്യമുണ്ട്. വിഷയത്തിൽ സംവാദത്തിന് വന്നാൽ പ്രധാനമന്ത്രിയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു.
രാഹുലിന് ആരെയും ഭയമില്ല. ആർക്കും അദ്ദേഹത്തിന്റെ യാത്ര നിർത്താൻ കഴിയില്ല. സത്യം മാത്രം പറയുന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്ത് ഒരു നേതാവും രാഹുൽ നേരിടുന്നതിന് സമാനമായ ആക്രമണം നേരിടുന്നതായി തന്റെ അറിവിൽ ഇല്ല. വിവിധ ഭാഗങ്ങളിൽ നിന്നും രാഹുൽ ആക്രമണം നേരിടുന്നു. പാർലമെന്റിൽ നിന്നും വീട്ടിൽ നിന്നും രാഹുലിനെ പുറത്താക്കി. നിരവധി കേസുകളിൽ പ്രതിയാക്കാൻ ശ്രമിച്ചു. എന്നാൽ ഇതൊന്നും രാഹുലിന് തടസ്സമായില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം വിജയിക്കും. ആര് പ്രധാനമന്ത്രിയാകണം എന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ചർച്ച ചെയ്യും. ആരെ തിരഞ്ഞെടുത്താലും കോൺഗ്രസ് പിന്തുണയ്ക്കും. റായ്ബറേലിയിൽ ഉറപ്പായും രാഹുൽ വിജയിക്കും. അമേഠിയിൽ നിന്നും ഒളിച്ചോടി എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.
Discussion about this post