കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പയ്യാനക്കൽ സ്വദേശി അജിത്താണ് മെഡിക്കൽ കോളേജിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കയ്യിൽ ഇടേണ്ട കമ്പി ഡോക്ടർക്ക് മാറിപ്പോയെന്നാണ് അജിത്തിന്റെ പരാതി. സംഭവത്തിൽ അജിത്ത് പോലീസിനും പരാതി നൽകി.
രണ്ട് ആഴ്ച മുൻപായിരുന്നു സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നായിരുന്നു അജിത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. അപകടത്തിൽ അജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. കയ്യിന് പൊട്ടൽ ഉണ്ടായിരുന്നതിനാൽ ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചു.
ഒരാഴ്ചയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇതിന് ശേഷം കയ്യിൽ കലശലായ വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിവരം ഡോക്ടറെ അറിയിച്ചു. വീണ്ടും ശസ്ത്രക്രിയ നടത്താം എന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. വേണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.
മറ്റൊരു രോഗിയുടെ കമ്പിയാണ് കയ്യിൽ സ്ഥാപിച്ചത് എന്ന് അജിത്തിന്റെ മാതാവ് പറയുന്നു. മൂവായിരം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഉപയോഗിച്ചില്ലെന്നും അമ്മ ആരോപിച്ചു.
Discussion about this post