തിരുവനന്തപുരം: കേരളത്തില്‍ ഏറെ ജനവികാരം ഉയര്‍ന്ന ജിഷവധക്കേസിലെ പ്രതിയ്ക്ക് കോടതി വധശിക്ഷ മാറ്റിയതോടെ വധശിക്ഷയുടെ കാര്യത്തില്‍ നിലപാട് മാറ്റി സി.പി.എമ്മിന്റെ മലക്കം മറിച്ചില്‍.. അമിറുള്‍ ഇസ്ലാമിനെ തുക്കിലേറ്റാനനുള്ള കീഴ്കോടതി വിധി വന്നതോടെ സിപിഎം വധശിക്ഷയ്ക്കെതിരായ പ്രഖ്യാപിത നിലപാട് മാറ്റുകയായിരുന്നു. വധശിക്ഷയെ ശക്തമായി എതിര്‍ത്തിരുന്ന നേതാക്കളെല്ലാം ജിഷാകേസിലെ വിധിയെ സ്വാഗതം ചെയ്യുകയും, തൂക്കുകയര്‍ തന്നെ ഉറപ്പിച്ചതില്‍ അഭിമാനം കൊള്ളുകയും ചെയ്തു. യാക്കൂബ് മേമനെയും അജമല്‍ കസബിനെയും തൂക്കിലേറ്റാനുള്ള വിധി വന്നപ്പോള്‍ ഇരവാദവുമായി രംഗത്തെത്തിയവരും നിലപാടി മയപ്പെടുത്തി. ഭരണകക്ഷിയായതിനാല്‍ മേനി ചമയല്‍ നടത്തുന്ന സിപിഎം നേതാക്കളുടെ നിലപാട് അവസരവാദപരമാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു സി.പി.എമ്മിന്റെ എക്കാലത്തേയും പ്രഖ്യാപിത നിലപാട്. പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതികളുടെയും അതുപോലെ മുംബൈ ആക്രണകേസിലെ പ്രതികളുടെയും കാര്യത്തില്‍പോലും ഈ നിലപാട് ഇത്തരം വിധികള്‍ ചര്‍ച്ച ചെയ്യുന്ന എല്ലാ ഘട്ടത്തിലും സി.പി.എം സ്വീകരിച്ചിരുന്നു. രാജ്യസുരക്ഷയെതന്നെ ബാധിക്കുന്നതായിട്ടുപോലും ഈ രണ്ടുകേസിലെയും പ്രതികളെ തൂക്കികൊന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് സി.പി.എം പ്രകടിപ്പിച്ചത്. പോളിറ്റ്ബ്യൂറോ തന്നെ വധശിക്ഷ കാടന്‍ രീതിയാണെന്ന നിലയില്‍ പ്രസ്താവനകളും ഇറക്കിയിരുന്നു. ഇത് അന്ന് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. എന്നാല്‍ ജിഷ വധക്കേസിലെത്തിയപ്പോള് ആ നിലപാടില്‍ നിന്നാണ് സി.പി.എം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. പ്രതിയായ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്കിയ കോടതിയുടെ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ തന്നെ ഇന്നലെ രംഗത്തുവന്നു.
രാജ്യദ്രോഹികളായ അഫ്സല് ഗുരുവിനും അജ്മല്‍ കസബിനും നല്കിയ വിധിക്കെതിരെ ശക്തമായി രംഗത്തുവരികയും അതിനെതിരെ പൊതുവികാരം രൂപീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ മലക്കംമറിഞ്ഞതിനെക്കുറിച്ച് വിശദീകരിക്കണമെന്നാണ് പൊതുവിലുയരുന്ന ആവശ്യം. സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള ഇടത് സഹയാത്രികര്‍ വധശിക്ഷക്കെതിരായ നിലപാടില്‍ ഇന്നലെയും ഉറച്ചു നിന്നിരുന്നു. എന്നാല്‍ ജനവികാരം എതിരാവുമെന്ന് ഭയന്ന് നിലപാട് മാറ്റുകയാണ് പ്രമുഖ നേതാക്കള്‍ ചെയ്തത്. അജമല്‍ കസബ്, യാക്കൂബ് മേമന്, അഫ്സല് ഗുരു എന്നിവരെ തൂക്കിലേറ്റാന്‍ വിധിച്ച സമയത്ത് വധശിക്ഷയ്ക്കെതിരെ ആഞ്ഞടിച്ച നേതാക്കള്‍, ജിഷ വധക്കേസിലെ വിധി വന്നപ്പോള്‍ ഈ സമയത്ത് അതൊന്നും ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാട് പരസ്യമായി സ്വീകരിച്ചത് പരിഹാസ്യമാണെന്നാണ് വിലയിരുത്തല്‍. എല്ലാം വോട്ടുബാങ്കിന് വേണ്ടി സമര്‍പ്പിക്കുന്നു എന്നാണ് നിലപാട് മാറ്റത്തെ സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. അഴിമതിയ്ക്കും അക്രമത്തിനും എതിരായി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരണത്തിലിരിക്കുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്നവരില്‍ നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്കാമല്ലോ എന്നാണ് വിമര്‍ശനം
Discussion about this post