ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസമില്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി ഉപാദ്ധ്യക്ഷ പ്രീതി റെഡ്ഢി രംഗത്ത്. ഒരു വര്‍ഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിത്സയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തല്‍. അണ്ണാ ഡി.എം.കെ യുടെ നേതാവായ ജയലളിത 75 ദിവസമാണ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. 2016 ജനുവരി അഞ്ചിന് ജയയുടെ മൃതദേഹമാണ് പിന്നീട് പുറംലോകം കണ്ടത്.
ശ്വാസമറ്റ നിലയില്‍ അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, വിദഗ്ദ ചികിത്സയ്ക്കുശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രീതി റെഡ്ഢി പറഞ്ഞു. ആശുപത്രിയ്ക്ക് ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിത്സ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ എന്നും അവര്‍ പറഞ്ഞു.
അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ വിരലടയാളം എടുക്കുമ്പോള്‍ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതിയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
Discussion about this post