ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തിന് തിളക്കം കുറഞ്ഞത് സംബന്ധിച്ച വിലയിരുത്തലുകള്‍ തീരുന്നില്ല. രാഹുല്‍ഗാന്ധിയും പ്രചരണം മുതല്‍ ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവരുടെ സാന്നിധ്യം വരെ വെല്ലുവിളിയായി എന്നാണ് പൊതുവെ ഉള്ള വിലയിരുത്തലുകള്‍. എന്നാല്‍ ബിജെപിയുടേയും, മോദിയുടേയും എല്ലാ തന്ത്രങ്ങളും അറിയാവുന്ന രണ്ടുപേരുടെ അണിയറ നീക്കങ്ങള്‍ കൂടി കോണ്‍ഗ്രസിന് തുണയായി എന്നാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍.നരേന്ദ്രമോദിയുടെ പഴയകാല സുഹൃത്തുക്കള്‍ കോണ്‍ഗ്രസിന് ആവശ്യമായ ഉപദേശവും സഹായവും നല്‍കി സഹായിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ തൊഗാഡിയയും ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയുമാണ് ഇവര്‍. രാഹുല്‍ ഗാന്ധിയെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം കൊണ്ടുപോയതും മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കാന്‍ പ്രേരിപ്പിച്ചതും ഇവരുടെ ബുദ്ധിയായിരുന്നുവെന്നും മോദിയോട് താത്പര്യമില്ലാത്ത ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറി ഗോവിന്ദാചാര്യയെ ഇവര്‍ സമീപിച്ചെങ്കിലും വ്യക്തിവിരോധത്തിലൂന്നിയ നീക്കത്തിന് അദ്ദേഹം തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
മോദിക്കെതിരെ ആഞ്ഞടിക്കാന്‍ തക്കം പാര്‍ത്തിരുന്ന ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയായിരുന്നു പട്ടേല്‍മാരുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞവരില്‍ ഒരാള്‍ നാഗ്പൂരുകാരനായ ജോഷിയും മോദിയും 90 മുതല്‍ 95 വരെ ഒരുമിച്ചായിരുന്നു ഗുജറാത്ത് ബി.ജെ.പിയുടെ സംഘടനായന്ത്രം ചലിപ്പിച്ചിരുന്നത്. വഗേല പ്രശ്‌നത്തെ തുടര്‍ന്ന് മോദി ഡല്‍ഹിയിലേക്ക് താവളം മാറിയപ്പോള്‍ ഗുജറാത്ത് ബി.ജെ.പിയുടെ നിയന്ത്രണം ജോഷിയുടെ കൈകളിലായി. ഇതോടെ ജോഷിയും മോദിയും അകന്നു. 2012ല്‍ ജോഷിയെ ബി.ജെ.പി മാറ്റി നിര്‍ത്തി.
ഒരുകാലത്ത് മോദിയുടെ അടുത്ത സുഹൃത്തായിരുന്ന തൊഗാഡിയ കുറച്ചുകാലമായി അകല്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയും തൊഗാഡിയയും ഒരു സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് അഹമ്മദാബാദില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം നടത്തിയിരുന്നത്. തൊഗാഡിയ 83ല്‍ വി.എച്ച്.പിയിലേക്കും മോദി 84ല്‍ ബി.ജെ.പിയിലേക്കും പോയി. പിന്നീട് ഇരുവരും അകന്നു.മുഖ്യമന്ത്രിയായിരിക്കേ റോഡ് വികസനത്തിന് വേണ്ടി 200 ക്ഷേത്രങ്ങള്‍ പൊളിച്ചത് വി.എച്ച്.പി നേതാവിനെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തില്‍ അബുദാബിയിലെ രാജകുമാരന്‍ ഷെയിഖ് മുഹമ്മദ് ബിന്‍ സയാദ് അല്‍ നഹ്യാറിനെ മുഖ്യാതിഥിയായി കൊണ്ടുവന്നതിന് സംഘടനാ വേദികളില്‍ പരസ്യമായി തൊഗാഡിയ എതിര്‍ത്തു. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തടയാന്‍ മോദി നടത്തിയ ഇടപെടലുകളെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിക്കെതിരെ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചവര്‍ക്ക് പിന്നിലും തൊഗാഡിയ ഉണ്ടായിരുന്നു. പരോക്ഷമായ വിമര്‍ശനങ്ങള്‍ തൊഗാഡിയ മോദിക്കെതിരെ ഉയര്‍ത്തുകയും ചെയ്തു.
Discussion about this post