കുല്ഭൂഷണ് ജാദവ് വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന് സ്വാമി. യുദ്ധം ചെയ്ത് പാകിസ്ഥാനെ നാലായി വെട്ടിമുറിക്കണമെന്നും ബി ജെ പി എം പി പറഞ്ഞു.കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന് കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണ്. മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ കുല്ഭൂഷണ് വിഷയത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാന് അപമാനിക്കുകയായിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന് ലംഘിച്ചു. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല. ദ്രൗപതിയുടെ വസ്ത്രാക്ഷേപം വഴിതെളിച്ചത് യുദ്ധത്തിനാണ്. അതിനാല്‍ യുദ്ധത്തിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാക്കിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാല്‍ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post