ഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ അനുകൂലമായ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍. മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ് പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത്. സുപ്രീംകോടതിയിലെ മുസ്ലീം വനിതാ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ ഇരകളായ റിസ്വാന, റസിയ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയത് പുതിയ തുടക്കമാണെന്നും ഇവര്‍ പറയുന്നു.
മുസ്ലീം പുരുഷന്‍മാര്‍ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്നാണ് ഇവര്‍ പറയുന്നത്. മുത്തലാഖിനേക്കാള്‍ പരിതാപകരമായ അവസ്ഥയാണ് ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുത്തലാഖിനെതിരെ കടുത്ത നടപടി എടുക്കാന്‍ 1985ലെ ഷബാനു കേസിന്റെ സമയത്ത് അവസരം ലഭിച്ചിരുന്നെങ്കിലും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത് നഷ്ടപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കത്തില്‍ ഇവര്‍ തൃപ്തി രേഖപ്പെടുത്തി. അതേസമയം മുത്തലാഖ് ബില്ലിനൊപ്പം തന്നെ ബഹുഭാര്യാത്വവും നിരോധിക്കാനുള്ള വ്യവസ്ഥകള്‍ വേണ്ടിയിരുന്നുവെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. ബഹുഭാര്യാത്വം നിലനില്‍ക്കുന്നിടത്തോളം കാലം മുത്തലാഖ് നിരോധനംകൊണ്ട് മുസ്ലീം വനിതകളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post