അഹമ്മദാബാദ്: ഗുജറാത്തില്‍ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള ബിജെപി സര്‍ക്കാരിലെ തര്‍ക്കത്തിനു വിരാമം. ഉടന്‍ തന്നെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുക്കുമെന്നു ഉപമുഖ്യമന്ത്രി നിഥിന് പട്ടേല്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവതന്നെ ലഭിക്കണമെന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു നിഥിന് പട്ടേല്‍ വ്യക്തമാക്കി. തന്റെ ആഗ്രഹപ്രകാരമുള്ള വകുപ്പുകള്‍ അനുവദിച്ചുകിട്ടുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതൃപ്തി പരസ്യമാക്കിക്കൊണ്ട്, അനുവദിച്ച ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ബിജെപിയുടെ ഉപമുഖ്യമന്ത്രി നിഥിന് പട്ടേല്‍ വിസ്സമ്മതിച്ചതാണു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. മന്ത്രിസഭയില്‍ രണ്ടാമനായ നിഥിനു കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം എന്നിവ നിഷേധിച്ചതാണു പ്രതിഷേധത്തിനു കാരണം. ധനവകുപ്പ് ഇത്തവണ അംബാനി സഹോദരന്മാരുടെ അളിയന് സൗരഭ് പട്ടേലിനാണു നല്‍കിയിട്ടുള്ളത്.
ഗുജറാത്തില്‍ ആറാമതും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിഥിന് പട്ടേലും കഴിഞ്ഞ ദിവസമാണു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. വ്യാഴാഴ്ചയായിരുന്നു വകുപ്പു വിഭജനം.
ആഭ്യന്തരം, ആസൂത്രണം, തുറമുഖം, ഖനികള്‍ തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ നിലനിര്‍ത്തിയപ്പോള്‍ ധനവകുപ്പ് നല്‍കിയത് സൗരഭ് പട്ടേലിന്. മറ്റൊരു സുപ്രധാന വകുപ്പായ ഊര്‍ജവും അംബാനി കുടുംബത്തില്‍നിന്നുള്ള സൗരഭ് പട്ടേലിനു നല്‍കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും പിതൃസഹോദര പുത്രിയായ ഇള അംബാനിയുടെ ഭര്‍ത്താവാണ് സൗരഭ്. ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരന് രമണിക്ഭായ് അംബാനിയുടെ മരുമകന്. ആനന്ദിബെന്‍ മന്ത്രിസഭയില്‍ സൗരഭ് പട്ടേല്‍ അംഗമായിരുന്നുവെങ്കിലും കഴിഞ്ഞ രൂപാണി മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല. 906 വോട്ടിനാണ് ഇത്തവണ കടന്നുകൂടിയത്.
Discussion about this post