കൊച്ചി; എറണാകുളത്ത് പ്രമുഖ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു. ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. യുവതിയുടെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്.
ഇന്ന് രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു. തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്. ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു.
Discussion about this post