തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ വീണ്ടും ആരംഭിക്കും. ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നിലപാട് മയപ്പെടുത്തിയതോടെയാണ് ടെസ്റ്റുകൾക്ക് നാളെ മുതൽ വീണ്ടും തുടക്കമാകുന്നത്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യപ്രകാരം പുതിയ പരിഷ്‌കരണങ്ങളിൽ സർക്കാർ ചെറിയ ഇളവുകളും വരുത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റിൽ വന്ന പുതിയ പരിഷ്‌കരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ആയിരുന്നു സ്‌കൂൾ ഉടമകളിൽ നിന്നും ഉയർന്നിരുന്നത്. ഇതേ തുടർന്ന് ടെസ്റ്റുകൾ നിർത്തിവയ്ക്കുകയായിരുന്നു. പരിഷ്‌കരണങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ആയിരുന്നു സർക്കാർ നിലപാട്. ഇതോടെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും പ്രതിഷേധം ശക്തമാക്കി.
ടെസ്റ്റുകൾ മുടങ്ങുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ പരിഷ്‌കാരങ്ങളിൽ ചെറിയ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇതോടെയാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും നിലപാട് മയപ്പെടുത്തിയത്. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധിച്ചത്.
അതേസമയം വിഷയത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഈ മാസം 23 ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം മരീം ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി ചർച്ച നടത്തും. ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അനുഭവിക്കുന്ന മറ്റ് പ്രശ്‌നങ്ങളും ഈ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ചർച്ചയിൽ പ്രശ്‌നങ്ങൾക്ക് പരിഹാരം ആയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ഡ്രൈംവിഗ് സ്‌കൂൾ ഉടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post