ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഭാര്യയോടൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമം ആയതെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രത്തിൽ അദ്ദേഹവും ഭാര്യയും ചേർന്ന് സരയു ആരതി നടത്തി. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും വിവിധ പൂജകളിൽ പങ്കെടുക്കുകയും ചെയ്യുന്ന ഇരുവരുടെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആണ്.
500 വർഷം നീണ്ട കാത്തിരിപ്പിനാണ് ക്ഷേത്ര ദർശനത്തിലൂടെ അവസാനം ആയതെന്ന് രവി പറഞ്ഞു. നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രം. ഇവിടെയെത്തുന്ന ഭക്തജനക്കൂട്ടം കാണുമ്പോൾ വലിയ സന്തോഷം ഉണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തു ചേരുന്നു. രാജ്യത്തിന്റെ വികസനത്തിനും ആളുകളുടെ ഐക്യത്തിനും വേണ്ടി ശ്രീരാമനോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ എത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നഗരത്തിൽ എത്തുന്നത്. റോഡ്‌ഷോയിൽ അദ്ദേഹം പങ്കെടുക്കും. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ എത്തുന്നത്.
Discussion about this post