ഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നാളത്തേക്ക് മാറ്റും. ലോക്‌സഭ പാസാക്കിയ ബില്‍ ഇന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ അവതരിപ്പിക്കാനിരുന്നതാണ്.
അതേസമയം ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം ബില്‍ അവതരിപ്പിക്കാന്‍ ഇന്ന് സമയം ഉണ്ടാവില്ല. അതിനാലാണ് ബില്ലിന്റെ അവതരണം ഒരു ദിവസം നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചത്.
ലോക്‌സഭയില്‍ പാസായ ബില്‍ ഭേദഗതികളില്ലാതെ രാജ്യസഭയില്‍ പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിക്കുന്നതിന് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്ന് കണ്ടറിയണം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യം ശക്തമാക്കിയാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് വഴങ്ങേണ്ടിവരും.
245 അംഗ രാജ്യസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും 57 അംഗങ്ങള്‍ വീതമാണുള്ളത്. ബില്ലിനെ എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി, എ.ഡി.എം.കെ, ബി.ജെ.ഡി, സി.പി.എം, എന്‍.സി.പി, ബി.എസ്.പി, ഡി.എം.കെ, ആര്‍.ജെ.ഡി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ അംഗബലം 70 ആണ്. ലോക്‌സഭയില്‍ പാസാക്കിയ ബില്‍ ഭേദഗതികളില്ലാതെ അതേപോലെ രാജ്യസഭ കടക്കാന്‍ അനുവദിക്കരുതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളോട് ഫോണിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബില്ലിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്ന രാജ്യസഭയില്‍ 12 അംഗങ്ങളുള്ള തൃണമൂലിന്റെ നിലപാടും നിര്‍ണായകമാകും.
അതേസമയം, ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ ഹാജരുണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്വന്തം എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം നിര്‍ബന്ധമായും രാജ്യസഭയില്‍ ഉണ്ടായിരിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post