തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റത്തിന്റെ മുഴുവന്‍ വിവരങ്ങളടങ്ങിയ ഇടുക്കി കലക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തി. മേയില്‍ റവന്യൂമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇതുവരെ തിരിച്ചുകിട്ടിയില്ലെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്കാണ് മറുപടി. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടി നിര്‍ദേശിക്കാത്തതിനാല്‍ ഒഴിപ്പിക്കല്‍ തുടരാനായില്ല. ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങളാണ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്.
മൂന്നാര്‍ കയ്യേറിയ വന്‍കിടക്കാരടക്കമുള്ള മുഴുവനാളുകളുടേയും വിവരങ്ങള്‍ ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച മേയ് എഴിനാണ് റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍നടപടിക്ക് ഉപദേശം തേടി തൊട്ടടുത്തദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കി.ഏഴുമാസം കഴിഞ്ഞിട്ടും ഫയലിന് അനക്കമില്ല. രണ്ടുതവണ മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചെങ്കിലും പിന്നീട് നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സിപിഐയും സിപിഎമ്മും തമ്മില്‍ വേര്‍പിരിയലിന്റെ വക്കോളമെത്തിച്ച തര്‍ക്കമാണ് മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഉണ്ടായത്. എന്നാല്‍ ജനശ്രദ്ധ മറ്റുവിഷയങ്ങളിലേക്ക് മാറിയതോടെ തര്‍ക്കവും കയ്യേറ്റം ഒഴിപ്പിക്കലില്‍ നിര്‍ണായകമായ റിപ്പോര്‍ട്ടും ഇരുകൂട്ടരും മറന്ന പോലെയാണ്.
വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഫയലില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കുന്നത്. തീരുമാനം ആകുന്നതുവരെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുപോകില്ലെന്നുറപ്പ്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാനകൗണ്‍സില്‍ അംഗം പി.പ്രസാദ് നേരിട്ട് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് സിപിഎമ്മില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയനേതാക്കള്‍ക്കുപുറമേ നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ ഭൂമി കയ്യേറിയവരും മൂന്നാര്‍ കയ്യേറ്റപട്ടികയിലുണ്ട്. ഫയലില്‍ നടപടി വൈകുന്നതിനെ ഇതുമായി ചേര്‍ത്തുവായിക്കുന്നവര്‍ സിപിഐയിലുണ്ട്.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ സംശയം സൃഷ്ടിക്കുന്നതാണ് കലക്ടറുടെ റിപ്പോര്‍ട്ടിനോടുള്ള സമീപനം. ഇക്കാര്യത്തില്‍ റവന്യൂവകുപ്പിനെപ്പോലും എന്തുകൊണ്ട് തീരുമാനം അറിയിക്കുന്നില്ല എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുമാത്രമേ കഴിയൂ.
Discussion about this post