ഡല്‍ഹി: മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ പിന്തുണച്ച പ്രതിപക്ഷം രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മുത്തലാഖ് ബില്ലിനെ കുറിച്ച് സഭയില്‍ ചര്‍ച്ച നടക്കണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ജി.എസ്.ടി പാസാക്കിയതു പോലെ സമവായത്തിലൂടെ മുത്തലാഖ് ബില്‍ പാസാക്കണമെന്നാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. എന്നാല്‍, ലോക്‌സഭയില്‍ പിന്തുണച്ച ശേഷം രാജ്യസഭയില്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭ പാസാക്കിയ ബില്‍ ഭേദഗതികളില്ലാതെ രാജ്യസഭ കടത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. രാജ്യസഭയില്‍ ഇന്നലെ ബില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും രാജ്യസഭാ അദ്ധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബില്‍ അവതരണം ഇന്നത്തേക്ക് മാറ്റിയത്. സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, എ.ഡി.എം.കെ, സി.പി.എം, സി.പി.ഐ, ബി.ജെ.ഡി എന്നീ കക്ഷികള്‍ ബില്ലിന്മേല്‍ വിശദമായ പരിശോധന വേണമെന്ന് വ്യക്തമാക്കി. രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലെങ്കില്‍ ബില്‍ പാസാക്കാനാവില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post