കൊടുങ്ങല്ലൂര്‍: മതത്തിന്റെ പേരില്‍ പോര് നടക്കുന്ന കാലഘട്ടത്തില്‍ അക്ബറിന്റെ മണവാട്ടിയായി ഖദീജയെ പന്തലിലെക്കെത്തിച്ചത് മദനന്‍ ആണ്. ഒപ്പം മാതാവായി തങ്കമണിയും. മതങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന ചില അസാധാരണ മനുഷ്യബന്ധങ്ങളുടെ തീവ്രതയ്ക്ക് സാക്ഷിയായത് അനേകരായിരുന്നു. ജന്മം കൊണ്ടുള്ള ഖദീജയുടെ അന്യതയെ കര്‍മ്മം കൊണ്ടു മറികടന്നപ്പോള്‍ മഹത്തരമായ മനുഷ്യസ്‌നേഹത്തിന്റെ ആത്മബന്ധം പൂത്തുലഞ്ഞ ഈ വിവാഹം നടന്നത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല മദ്രസ ഹാളിലായിരുന്നു.
മദനന്റെ മക്കളായ മുകേഷും മുകിലും ഗള്‍ഫിലാണ്. സലാലയില്‍ പ്രൊഫസറാണ് മുകേഷ്. മുകില്‍ ദുബായില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രവാസം വിട്ട് നാടിന്റെ പച്ചപ്പ് തേടിയെത്തിയ മദനന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്ന ഖദീജയുടെ വിവരം നല്‍കിയത് ഗള്‍ഫിലെ പാലക്കാട്ടുകാരനായ സുഹൃത്താണ്. പെണ്‍മക്കളില്ലാത്ത മദനനും ഭാര്യ തങ്കമണിക്കും കൗമാര കാലത്തില്‍ തന്നെ ഖദീജ മകളായി മാറി. വെറും വളര്‍ത്തച്ഛനായിരുന്നില്ല ഖദീജയ്ക്ക് മദനന്‍. മതങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കാതെ വളര്‍ത്തുമകളെ അവളായി തന്നെ ജീവിക്കാന്‍ വിട്ടു.
പതിമൂന്നാം വയസ്സില്‍ മകളായി വന്നു കയറിയ ഖദീജയ്ക്ക് തുണ കണ്ടെത്തിയതും വിവാഹചെലവുകള്‍ വഹിച്ചതും ഉള്‍പ്പെടെ എല്ലാം ചെയ്തത് മദനനായിരുന്നു. മതവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചും അതിന്റെ ആത്മീയ അന്തസ്സത്തയില്‍ കൈകടത്താതെയും ഖദീജയായി തന്നെയാണ് മദനന്‍ മകളെ വളര്‍ത്തിയതും. നോമ്പു നാളുകളില്‍ മകള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ നല്‍കിയും വീട്ടില്‍ നമസ്‌ക്കാരത്തിന് പ്രത്യേക സൗകരങ്ങള്‍ ഒരുക്കിയും മകളുടെ വിശ്വാസത്തില്‍ ഇടപെടാതെ അതിനെ ഉള്‍ക്കൊണ്ടു തന്നെയാണ് മദനന്‍ വരനെ കണ്ടെത്തിയതും വിവാഹം നടത്തിയതും.
അനുയോജ്യനായ വരനെ തെരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് ചെന്ത്രാപ്പിന്നി ചിറയ്ക്കല്‍ മഹല്ല് പള്ളിപ്പാടത്ത അബുവിന്റെ മകന്‍ അക്ബറിലായിരുന്നു. തുടര്‍ന്ന് പുതിയകാവ് ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ വഹബി കാര്‍മ്മികനായി. പ്രസിഡന്റ് സെയ്ത് മുഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായി. ഖദീജയുടെയും മദനന്റെയും ബന്ധുക്കളും വിവാഹത്തിനെത്തി. മകളുടെ വിവാഹശേഷമുള്ള ചടങ്ങുകള്‍ക്കായി ഒരുങ്ങുകയാണ് മദനനും ഭാര്യയും.
മനുഷ്യസ്‌നേഹങ്ങള്‍ക്ക് മുകളില്‍ മതങ്ങള്‍ വിശ്വാസങ്ങള്‍ കൊണ്ട് ബലപ്പെട്ട അതിരുകള്‍ തീര്‍ക്കുന്ന കാലത്താണ് മദനന്‍ മറ്റൊരു വിശ്വാസിയായ പെണ്‍കുട്ടിയെ മകളാക്കി വളര്‍ത്തി കടമകള്‍ ചെയ്യുന്ന ഉദാത്ത മാതൃകകള്‍ സൃഷ്ടിക്കുന്നത്.
Discussion about this post