ഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും തിങ്കളാഴ്ച കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി പാട്നയിലേക്കു പോയതാണെന്ന് പൊലീസ്. സ്കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ മുകുള്‍ ജെയ്ന്‍ എന്ന ഗാസിയാബാദ് സ്വദേശിയെയായിരുന്നു കാണാതായത്. മുകുളിനെ തട്ടിക്കൊണ്ടു പോയതല്ലെന്നും ഗംഗയില്‍ മുങ്ങുന്നതിനായി പാട്നയിലേക്കു പോയതാണെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബമാണ് കാണാതായ വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മുകുള്‍ തിരിച്ചെത്തിയതായി ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് ഗീതാ കുമാരി അവരുടെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി പോയതാണെന്നാണ് ഗീതാകുമാരി ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഗംഗയില്‍ മുങ്ങാനായി പാട്നയില്‍ പോയതാണെന്നാണ് ജെയ്ന്‍ പറഞ്ഞത്. ബുധനാഴ്ച വരെ അദ്ദേഹം അവിടെയായിരുന്നു.’ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മിലിന്ദ് മഹാഡിയോ ഡുംബ്ര പറഞ്ഞു.
‘തിങ്കളാഴ്ച ജെ.എന്‍.യു ക്യാമ്പസ് വിട്ട ഉടന്‍ അദ്ദേഹം പാട്നയിലേക്ക് തിരിച്ചു. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറി പിറ്റേദിവസം അവിടെയെത്തി. പാട്നയില്‍ ഒരു ദിവസം ചിലവഴിച്ചശേഷം അവിടെ നിന്നും തിരിക്കുകയും വ്യാഴാഴ്ച രാവിലെ തിരിച്ചെത്തുകയും ചെയ്തു.’ പൊലീസ് പറയുന്നു.
2016 ഒക്ടോബറില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മാവിമണ്ഡ്വി ഹോസ്റ്റലില്‍ നിന്ന് കാണാതായിരുന്നു. നജീബിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ക്യാമ്പസിലും ഡല്‍ഹിയിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായത്.
Discussion about this post