കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്ത വെടിയുണ്ടകള്‍ പോലീസ് എണ്ണിത്തിട്ടപ്പെടുത്തി. 545 ഉപയോഗയോഗ്യമായ വെടിയുണ്ടകളാണ് ഇവയിലുള്ളത്. ഉപയോഗിച്ച വെടിയുണ്ടകളുടെ 43 ഉറകളും 62 ബ്ലാങ്ക് ബുള്ളറ്റുകളും (അപായപ്പെടുത്താന്‍ കഴിയാത്തതും വെടിവെച്ചാല്‍ മിന്നലും ശബ്ദവും ഉണ്ടാകുന്നതും ആയവ) കണ്ടെടുത്തിട്ടുണ്ട്. ഇവ കോടതിയില്‍ ഹാജരാക്കിയശേഷം മലപ്പുറം എ.ആര്. ക്യാമ്പിലേക്ക് മാറ്റും.
നേരത്തെ കണ്ടെടുത്ത അഞ്ചു കുഴിബോംബുകള്‍ ഇപ്പോഴും എ.ആര്. ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ്.എല്‍. തോക്കുകളില്‍ (സെല്‍ഫ് ലോഡിങ് റൈഫിള്‍) ഉപയോഗിക്കുന്ന 7.62 എം.എം. തിരകളാണ് കണ്ടെടുത്തവയെല്ലാം.
മൈനുകള്‍ സ്ഫോടനം നടത്തുന്നതിന് ഉപയോഗിക്കുന്ന ആറ് പള്‍സ് ജനറേറ്ററുകള്‍, ഇവ ബന്ധിപ്പിക്കുന്ന നാലു കേബിളുകള്‍, െഗ്രനേഡുകള് ഉള്‍പ്പെടെയുള്ളവ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ട്യൂബ് ലോഞ്ചറുകള്‍, അനുബന്ധമായി ഉപയോഗിക്കുന്ന ലോഹനിര്‍മിത വളയം, ചതുപ്പ് നിലത്ത് വാഹനങ്ങളുടെ ചക്രങ്ങള്‍ താഴ്ന്നു പോകാതിരിക്കാനായി സ്ഥാപിക്കുന്ന പി.എസ്.പി. ഷീറ്റ് എന്നിവയാണ് വെടിയുണ്ടകള്‍ക്കൊപ്പം വ്യാഴാഴ്ച വെള്ളത്തില്‍ നിന്ന് കണ്ടെടുത്തത്.
Discussion about this post