കോഴിക്കോട്: ഗവ. ലോ കോളജ് വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് മുഹമ്മദ് റാഷിദ്, ആസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൂടാതെ എസ്എഫ്ഐ ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ആറു പേരെ കോളേജില്‍ നിന്ന് പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി പി.എം. അബ്ദുള്‍ റാഷിദ്, യൂണിറ്റ് സെക്രട്ടറി ആസാദ് ഷാ, മുഹമ്മദ് യാസിന്, ആസാദ് സുനില്‍, വിജയ് ശങ്കര്‍, മുഹമ്മദ് മിസ്ബാഹ് എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്. കോളജില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഈ തീരുമാനം.
അക്രമത്തില്‍ ഉള്‍പ്പെട്ട, കോളജില്‍ പരീക്ഷ എഴുതാനെത്തുന്ന മൂന്നു ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളോട് ക്യാമ്പസില്‍ പ്രവേശിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജില്‍ ഇന്ന് പ്രിന്‍സിപ്പല്‍ അവധിയും നല്‍കിയിട്ടുണ്ട്.
ഇന്നലെയാണ് അവസാന വര്‍ഷ പഞ്ചവത്സര എല്‍എല്‍ബി വിദ്യാര്‍ത്ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ ഋത്വിക്കിനെ 18 ഓളം വരുന്ന എസ്എഫ്ഐക്കാര്‍ ക്ലാസ്സില്‍ കയറി മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഉണ്ടായ റാഗിംഗുമായി ബന്ധപ്പെട്ട് ഋത്വിക് പോലീസിന് പരാതി നല്‍കിയിരുന്നു. സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് പ്രശ്നം പരിഹരിച്ച് തൊട്ടുപിന്നാലെയാണ് ഋത്വിക്കിന് നേരെ എസ്എഫ്ഐക്കാരുടെ അക്രമം ഉണ്ടായത്. പോലീസ് എത്തിയാണ് പരിക്കേറ്റ ഋത്വിക്കിനെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post