കണ്ണൂര്‍: വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന് എതിരായി കണ്ണൂരില്‍ വീണ്ടും പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സ്വയം മഹത്വവത്കരിക്കപ്പെടുന്നെന്ന സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തെ തുടര്‍ന്നു പ്രവര്‍ത്തകര്‍ നേതാക്കളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഇടക്കാലത്ത് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പലയിടത്തും കമ്യൂണിസ്റ്റ് ആചാര്യമാരുടെയും ദേശീയനേതാക്കളുടെയും ചിത്രങ്ങള്‍ക്കൊപ്പം ജീവിച്ചിരിക്കുന്ന നേതാക്കളുടെ ഫോട്ടോ സഹിതമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
കണ്ണൂര്‍-തലശേരി ദേശീയപാതയില്‍ തെഴുക്കിലെ പീടികയില്‍ സമ്മേളനത്തിന്റെ ചുമരെഴുത്തിനൊപ്പമാണ് ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൂറ്റന്‍ ഫ്‌ലക്‌സും സ്ഥാപിച്ചിരിക്കുന്നത്. ‘കണ്ണൂരിന്റെ സൂര്യ തേജസ്’ എന്ന കുറിപ്പോടു കൂടിയാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു സമീപമായി സ്ഥാപിച്ച കവാടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന കമ്യൂണിസ്റ്റും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തോട് ചേര്‍ന്ന് പി. ജയരാജന്റെ മറ്റൊരു കൂറ്റന്‍ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇത്തരം രീതികളില്‍ നിന്നു പിന്‍മാറണമെന്നു പ്രവര്‍ത്തകര്‍ക്ക് ജയരാജന്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ചെറിയ ഒരിടവേളയ്ക്കു ശേഷം പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള ഫോട്ടോകള്‍ സ്ഥാപിച്ച് സംസ്ഥാന കമ്മിറ്റിയെ വെല്ലുവിളിച്ച് നേതാവിനോടുള്ള തങ്ങളുടെ കൂറ് വ്യക്തമാക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി അണികള്‍ ജയരാജനെ മഹത്വവത്കരിച്ച് ബോര്‍ഡുകളും കലാരൂപങ്ങളും തയാറാക്കിയപ്പോള്‍ ഇതു തടയാന്‍ ജയരാജന്‍ ശ്രമിച്ചില്ലെന്നതായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ പ്രധാന വിമര്‍ശനം. അണികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കാന്‍ ശ്രമിച്ചില്ലെന്നത് ജാഗ്രതക്കുറവാണെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. നേതാക്കളെ മഹത്വവത്കരിക്കുന്നത് പാര്‍ട്ടിയുടെ കോല്‍ക്കത്ത പ്ലീനത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരേ ‘തെറ്റായ പ്രവണതകള്‍’ എന്ന തലക്കെട്ടോടെ വിമര്‍ശനം തയാറാക്കിയത്.
വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന പാര്‍ട്ടി സിദ്ധാന്തത്തിന് വിരുദ്ധമാണ് കണ്ണൂരിലെ സംഭവങ്ങളെന്നും വിലയിരുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂരിഭാഗം ബ്രാഞ്ചുകളില്‍ നിന്നും സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
Discussion about this post