കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ഐഎഎസിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വരുമാനത്തിന്റെ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഏറെ കത്തിടപാടുകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സിന് നല്‍കുന്നത്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.
ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടത്തിയിരുന്നത്. നിരവധി കേസുകളില്‍ ആരോപണവിധേയനായ വ്യക്തിയാണ് ടി.ഒ സൂരജ്. കോഴിക്കോട് മാറാട് കലാപം തടയുന്നതില്‍ അന്ന് കോഴിക്കോട് കളക്ടറായിരുന്ന സൂരജ് വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മിഷനായ തോമസ് പി ജോസഫ് കണ്ടെത്തിയിരുന്നു.
2009 മുതല്‍ സൂരജിന്റെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും ഇന്‍കം ടാക്സ്, വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നുണ്ട. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ട്. എന്നിട്ടും 2011 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയ ഉടനെ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. നിലവില്‍ യുവജനകാര്യ ക്ഷേമ സെക്രട്ടറിയാണ് ടി.ഒ.സൂരജ്.
Discussion about this post