ഇവാൻ വുകമനോവിച്ചിന്റെ പിൻഗാമിയെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണിൽ സ്വീഡിഷ് കോച്ച് മിഖേൽ സ്റ്റാറെ കൊമ്പന്മാർക്ക് കളി പറഞ്ഞു കൊടുക്കും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഹെഡ് കോച്ചിനെ പ്രഖ്യാപിച്ചത്. 46കാരനായ സ്വീഡിഷ് പരിശീലകൻ രണ്ട് വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.
കോച്ച് എന്ന നിലയിൽ ഒന്നരപതിറ്റാണ്ടിലധകം അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മിഖേൽ സ്റ്റാറെ. സ്വീഡിഷ്, ഗ്രീക്ക്, നോർവീജിയൻ, ചൈനീസ്, തായ് ലീഗുകളിലെ വിവിധ ക്ലബ്ബുകളെ സ്റ്റാറെ ആശാൻ പരിശീലിപ്പിച്ചിട്ടുണ്ട്. മിഖേൽ സ്റ്റാറെ തായ്ലൻഡ് ഫുട്ബോൾ ക്ലബ്ബായ ഉതൈ താനിയുടെ കോച്ചായിരുന്നു ഇതിന് മുൻപ്.
ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സ്വീഡിഷ് പരിശീലകനാണ് സ്റ്റാറെ. സ്വീഡനിലെ ക്ലബ്ബായ വാസ്ബി യുണൈറ്റഡിലൂടെ കോച്ചിംഗ് ജീവിതം തുടങ്ങിയ മിഖേൽ സ്റ്റാറെ 2009ൽ എഐകെയുടെ പരിശീലകനായി ചുമതലയേറ്റു. സ്വീഡിഷ് ക്ലബ്ബിനൊപ്പം ലീഗിലെ നിരവധി കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സിനെ മൂന്ന് സീസണുകളിൽ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ പരസ്പര സമ്മതത്തോടെ ക്ലബ് വിടുകയായിരുന്നു. പുതിയ കോച്ചിന് കീഴിൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.













Discussion about this post