ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത് ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നാണ് സഹോദരി കവിത ലങ്കേഷ് പറയുന്നത്. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഏകപക്ഷീയമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നതായി സംശമുണ്ടെന്നും ഇന്ദ്രജിത് പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ 56-ാം ജന്മദിനമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോവുകയാണ്. കൊലപാതകം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി ശ്രമിക്കുകയാണ്. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം തന്നെയും അമ്മയെയും അറിയിക്കാറുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ഇന്ദ്രജിത്തിന്റെ ആവശ്യത്തിനു പിന്നില്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെയാണ് ഇന്ദ്രജിത് അഭിപ്രായപ്രകടനം നടത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗൗരി ലങ്കേഷിന്റെ ജന്മദിനമായ ഇന്നലെ ബെംഗളൂരുവില്‍ ‘ഗൗരി ദിന’മായി ആചരിച്ചു. ജിഗ്‌നേഷ് മേവാനി, നടന്‍ പ്രകാശ് രാജ്, കനയ്യകുമാര്‍, ഷഹ്ല റാഷിദ്, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ ഇന്ദ്രജിത് പങ്കെടുത്തില്ല. കേസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമമെന്ന ആക്ഷേപം ശക്തമാണ്. പ്രതികളെ പിടിക്കുന്നതിനല്ല, ചില കേന്ദ്രങ്ങളെ സംശയത്തില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പുവരെ കേസ് ഇങ്ങനെ തുടരുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായും വിമര്‍ശനമുണ്ട്.
Discussion about this post