ഖജനാവ് കാലിയാണെന്നും, സാമ്പത്തിക പ്രതിസന്ധിയാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നിരന്തരം ആവര്‍ത്തിക്കുമ്പോഴും മാതൃഭൂമിയും, ഡിസി ബുക്‌സും ചോദിച്ചാല്‍ ലക്ഷങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ റെഡി. മാതൃഭൂമിയും, ഡിസിയും ഉള്‍പ്പടെ മാധ്യമസ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുടെ ഫണ്ട് അനുവദിച്ചതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. വെറുമൊരു നിവേദനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ കൈമാറിയതിന്റെ രേഖകള്‍ ചര്‍ച്ചയായി കഴിഞ്ഞു.
മാതൃഭൂമി മനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് പരിപാടിക്കുള്ള ‘ധനസഹായ’മായാണ് ഈ തുക നല്‍കിയിരിക്കുന്നത്. ‘3452-80-104-98-34 പി. എന്ന ശീര്‍ഷകത്തിലാണ്, തുക അനുവദിക്കുന്നതിന് ടൂറിസം വകുപ്പ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിയത്.
ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018 പരിപാടിക്ക് ധനസഹായമായി അഞ്ചു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സെക്രട്ടറിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈതൃകം, പരിസ്ഥിതി, സംസ്‌കാരം എന്നിവയുടെ സംരക്ഷണവും നിലനിര്‍ത്തലും പരിപോഷണവും എന്ന ശീര്‍ഷകത്തിലാണ് ഡിസിബുക്കിന് സര്‍ക്കാര്‍ പണം കൈമാറിയിരിക്കുന്നത്.
മാതൃഭൂമിയും ഡിസിയും സര്‍ക്കാരില്‍ നിന്ന് മുന്‍പും ലക്ഷങ്ങളുടെ ധനസഹായം കൈപറ്റിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പെന്‍ഷന്‍ നല്‍കാത്തതിന്റെ പേരില്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി മുന്‍ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇടത് സര്‍ക്കാരിന്റെ മാധ്യമക്ഷേമം പുറത്തു വരുന്നത്.
Discussion about this post