കസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ മുസ്ലിം പള്ളിയുടെ വാതിലിനു നേരെ വെടിവെയ്പ്പ്.കസ്ഗഞ്ചിലെ സബ്സി മണ്ഡിക്ക് സമീപമാണ് പള്ളിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിയുതിര്‍ത്തത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല ജില്ലാ മജിസ്ട്രേറ്റ് ആര്. പി സിംഗ്, പൊലീസ് സൂപ്രണ്ട് പിയൂഷ് ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗന്ജ്വദ്വാരയിലെ പള്ളി സന്ദര്‍ശിച്ചു.
സ്ഥലത്ത് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടി മന:പൂര്‍വ്വം വെടിവെച്ചതാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും പൊലീസ് പറയുന്നു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ‘തിരംഗ യാത്ര’യ്ക്കിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകം നടത്തിയ ചിലരെ പോലിസ് പിടികൂടിയിരുന്നു.
അതേസമയം, പ്രദേശത്തുള്ള കടകള്‍ എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. പൊലീസ് പട്രോളിംഗ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാഹചര്യം സമാധാനപരമാണെന്നും മനപൂര്‍വ്വം ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പോലിസ് പറയുന്നു. സോഷ്യല്‍ മീഡി വഴിയുള്ള പ്രചരണങ്ങള്‍ക്കെതിരെ പോലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
Discussion about this post