ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയ സംഭവത്തിൽ വ്‌ളോഗർ സഞ്ജു ടെക്കിയ്‌ക്കെതിരെ കേസ് എടുക്കാൻ പോലീസ്. ആർടിഒയുടെ പരാതിയിലാണ് കേസ് എടുക്കുക. അലക്ഷ്യമായി വാഹനം ഓടിച്ചെന്നാണ് സഞ്ജുവിനെതിരായ പരാതി.
മണ്ണഞ്ചേരി പോലീസിൽ ആണ് പരാതി നൽകിയിരിക്കുന്നത്.
സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് ഉൾപ്പെടെയുള്ള നടപടികൾ. ആർടിഒയുടെ പരാതിയിൽ വാഹനത്തിൽ സഞ്ജുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരും നിയമ നടപടി നേരിടേണ്ടിവരും.
സഫാരി കാറിനുള്ളിലാണ് സഞ്ജു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയത്. ഈ വാഹനം കഴിഞ്ഞ ദിവസം അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ആർടിഒ കേസ് എടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥരെയും മാദ്ധ്യമങ്ങളെയും വെല്ലുവിളിച്ച് സഞ്ജു ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതോടെയായിരുന്നു സഞ്ജു കൂടുതൽ നിയമക്കുരുക്കിൽ അകപ്പെട്ടത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സഞ്ജുവിനെതിരായ കേസ് ആർടിഒ ആലപ്പുഴ കോടതിയിലേക്ക് കൈമാറിയിരുന്നു.
Discussion about this post