യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി സിപിഎം പാര്‍ട്ടി അംഗമാണെന്ന് സമ്മതിച്ച് പാര്‍ട്ടി ജില്ല സെക്രട്ടറി പി ജയരാജന്. ആകാശ് തില്ലങ്കേരിക്കെതിരായി പി ജയരാജന് 2017 മെയ് ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ആകാശ് സിപിഎം അംഗമാണെന്ന് ജയരാജന് പറയുന്നത്. കൂത്തുപറമ്പിലെ രക്ഥസാക്ഷി സ്തൂപത്തിന് സമീപം ഉണ്ടായ സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
തനിക്കും സുഹൃത്തിനും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്കും സ്തൂപത്തിന് സമീപം വച്ച് സദാചാര ആക്രമണം നേരിട്ടുവെന്നും, അത് പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നും കാണിച്ച് ആകാശ് തില്ലങ്കേരി പോസ്റ്റിട്ടിരുന്നു. പാര്‍ട്ടി അംഗമായ ആകാശ് ഇത്തരത്തില്‍ പരസ്യപ്രതികരണം നടത്താന്‍ പാടില്ല എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
താനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്കും തന്റെ സുഹൃത്തിനുമൊപ്പം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ ഒരു സംഘം തങ്ങളെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്തെന്നുമായിരുന്നു ആകാശ് വ്യക്തമാക്കിയത്. തന്നെ ആക്രമിച്ചവര്‍ക്കെതിരേ ആകാശ് തില്ലങ്കേരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഈ സംഭവത്തില്‍ സിപിഐഎം പ്രതിരോധത്തിലായിരുന്നു. പാര്‍ട്ടി അനുഭാവികളായിരുന്നു സംഭവത്തിന് പിന്നിലെന്നതായിരുന്നു സിപിഎമ്മിനെ കുടുക്കിലാക്കിയത്.
സംഭവം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന് ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടി താക്കീത് നല്‍കിയിരുന്നു. ഈ സംഭവത്തില്‍ വിശദീകരണം നല്കിയ പി ജയരാജന്, ഇരുപക്ഷവും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരാണന്നും പ്രതികള്‍ സിപിഐഎം അനുഭാവികളാണെന്നും ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും വ്യക്തമാക്കിയിരുന്നു. പിന്നീട് പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയും ഇരുപക്ഷവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. പോസ്റ്റ് പിന്നീട് ജയരാജന് പിന്‍വലിക്കുകയും ചെയ്തു. ഈ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പക്ഷേ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
Discussion about this post