തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയ്ക്കിടെ കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ ആവശ്യം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം വിഭജിക്കാൻ നീക്കം ഉണ്ടായാൽ എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം വിഭജിക്കണം എന്ന ആവശ്യം അപകടകരമാണ്. ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായാൽ എന്ത് വിലകൊടുത്തും ബിജെപി ആ നീക്കത്തെ ചെറുക്കും. ഭരണപക്ഷവും പ്രതിപക്ഷവും മുസ്ലീങ്ങളെ അമിതമായി പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിന്റെ അനന്തരഫലമാണ് ഇപ്പോൾ ഉയർന്നുവന്ന കേരളം വിഭജിക്കണം എന്ന വാദത്തിന് പിന്നിൽ. പോപ്പുലർ ഫ്രണ്ടിന്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇക്കാര്യത്തിൽ ഇനി ഭരണ- പ്രതിപക്ഷത്തിന്റെ നിലപാട് കൂടി അറിഞ്ഞാൽ മതിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തെ വെട്ടിമുറിയ്ക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്നത് മുസ്ലീം ലീഗാണ്. ഇന്ത്യ വിഭജിയ്ക്കാൻ കാരണക്കാരയവരുടെ പാരമ്പര്യമാണ് മുസ്ലീം ലീഗ് ഇപ്പോഴും പേറുന്നത്.
കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മർദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാറിനോടുള്ള മാറി മാറി ഭരിച്ച സർക്കാരുകളുടെ അവഗണനയ്ക്ക് മുസ്ലീം ലീഗും ഉത്തരവാദികൾ ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസം ലീഗുകാരുടെ കുത്തകയായിരുന്നു. എന്നിട്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മലബാറിനെ അവഗണിക്കുന്നുവെന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇതിന് ബിജെപി അനുവദിക്കില്ല. മതമൗലികവാദികളുടെ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post