ഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്‌സിയും 2008 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പുനടത്തിയതായി സി.ബി.ഐ. വെളിപ്പെടുത്തല്‍. ബാങ്ക് അധികൃതരുടെ മൂക്കിന്‍തുമ്പത്ത് നടന്ന 11,400 കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടുപിടിക്കാന്‍ കഴിഞ്ഞത് ജനുവരിയിലാണെന്നും സിബിഐ വ്യക്തമാക്കുന്നു. തട്ടിപ്പുനടന്ന മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡിഹൗസ് ശാഖയുടെ ചുമതലവഹിച്ചിരുന്ന ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡാല്‍, മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ബാങ്കിന്റെ വിദേശനാണ്യ വിനിമയ വിഭാഗത്തിലെ ചീഫ് മാനേജര്‍ ബെച്ചു ബി. തിവാരി, മാനേജര്‍ യശ്വന്ത് ജോഷി, ഓഫീസര്‍ പ്രഫുല്‍ സാവന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സിബിഐയ്ക്ക് ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
നിയമങ്ങള്‍ പാലിക്കാതെ ഗോകുല്‍നാഥ് ഷെട്ടിയും ഏകജാലകവിഭാഗം ഓപ്പറേറ്റര്‍ മനോജ് ഖരാട്ടും 2017 ഫെബ്രുവരിയില്‍ 280 കോടി രൂപയ്ക്കുതുല്യമായ ജാമ്യച്ചീട്ടുകള്‍ നല്‍കിയതായി കണ്ടെത്തി. എന്നാല്‍, 2015-17 കാലയളവില്‍ ഷെട്ടി നല്‍കിയ ജാമ്യച്ചീട്ടുകള്‍ തിവാരി പരിശോധിച്ചില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തിവാരിയുടെ നടപടിയാണ് ബാങ്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയതെന്ന് സി.ബി.ഐ. കുറ്റപ്പെടുത്തുന്നു. അറസ്റ്റിലായ ബാങ്ക് ഉദ്യോഗസ്ഥരും നീരവിന്റെ സ്ഥാപനത്തിലെ ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post