പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോവുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടുതല്‍ ചികിത്സക്കായി അദ്ദേഹത്തെ ഇന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചേക്കും. മുംബൈയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ യോഗം വിളിച്ച് ക്യാബിനെറ്റ് അഡൈ്വസറി കമ്മിറ്റിക്ക് താല്ക്കാലിക ഭരണച്ചുമതല കൈമാറി. അമ്പത് ലക്ഷം രൂപയിലധികം ചെലവ് വരുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുക ഈ കമ്മിറ്റിയായിരിക്കുമെന്നും പരീക്കറിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ മാസം 15നാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മനോഹര്‍ പരീക്കറെ ആദ്യം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഭക്ഷ്യവിഷബാധയുമായിരുന്നു കാരണം. ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കടുത്ത വയറുവേദനയെത്തുടര്‍ന്ന് ഫെബ്രുവരി 26ന് വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണമാണ് അസുഖാവസ്ഥയ്ക്ക് കാരണമെന്നാണ് അന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിദഗ്ധ പരിശോധന നടത്താനും ആവശ്യമെങ്കില്‍ വിദേശത്ത് വിദഗ്ധ ചികിത്സ തേടാനുമുള്ള തീരുമാനമെന്നും പരീക്കറിന്റെ ഓഫീസ് അറിയിച്ചു.
Discussion about this post