ഡല്‍ഹി: മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി സുപ്രിം കോടതി നീട്ടി. 2018 മാര്‍ച്ച് 31 വരെയാണു നേരത്തേ സമയപരിധി അനുവദിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്തിമവിധി വരും വരെ ആധാര്‍ ബന്ധിപ്പിക്കാന്‍ നിര്ബന്ധിക്കേണ്ടെന്നാണു സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം.
പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണു കേസില്‍ വിധി പറയുക. മാര്‍ച്ച് 31ന് മുമ്പ് കേസില്‍ അന്തിമവിധി പുറപ്പെടുവിക്കാനുള്ള സാഹചര്യം ഇല്ല എന്നതിനാലാണ് പുതിയ ഉത്തരവ്. ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമയം നീട്ടി നല്കുന്നതില് എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് തുടരും.
Discussion about this post