സ്വകാര്യ ആശുപത്രി മേഖലയില്‍ മിനിമം വേതനത്തിന്റെ വിജ്ഞാപനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ എപ്രില്‍ 20 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് ആഹ്വാനം ചെയ്ത് നഴ്സുമാരുടെ സംഘടന യുഎന്‍എ. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍പ്പാക്കാന്‍ തയ്യാറാകാത്ത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് ആഹ്വാനം.സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ച് നഴ്സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുമെന്നാണ് യു.എന്‍.എ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം തീര്‍പ്പാക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ യുഎന്‍എയുടെ വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും നഴ്സുമാരുടെ പ്രഖ്യാപനം.
ചെങ്ങന്നൂരില്‍ നടന്ന നഴ്സുമാരുടെയും കുടുംബാംഗങ്ങളുടെയും കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷയാണ് നിലപാട് പ്രഖ്യാപിച്ചത്. ആരുമില്ലാത്തവര്‍ക്കൊപ്പമെന്ന നഴ്സുമാരുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി തിങ്കളാഴ്ച ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിന് യുഎന്‍എ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കെവിഎം സമരം 230 ദിവസം പിന്നിട്ടു. രാഷ്ട്രീയ കക്ഷികളാരും തന്നെ ഇതുവരെ ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ പങ്കാളികളായില്ല. പിന്തുണയുമായി വരുന്നവരില്‍ പലരും മുതുകാടിന്റെ മാജിക് കണക്കെ രണ്ടിടത്തും കാണുന്നവരാണ്. ജില്ലയിലെ രണ്ട് മന്ത്രിമാര്‍ ചര്‍ച്ചക്ക് വിളിച്ചിരുത്തിയിട്ടും മാനേജ്മെന്റ് മുഷ്ക്കുകാട്ടി ഇറങ്ങിപോവുകയാണുണ്ടായത്. കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ യു.എന്‍.എ കക്ഷി ചേരുകയാണെന്നും ജാസ്മിന്ഷ പറഞ്ഞു
Discussion about this post