തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കിച്ച കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പ്രതികാര നടപടി തുടർന്ന് പോലീസ്. മൊബൈൽ ഫോണിൽ സംസാരിച്ചുവെന്ന് ആരോപിച്ച് പോലീസ് യദുവിനെതിരെ നടപടി ആരംഭിച്ചു. ആര്യയുമായി തർക്കിച്ചതിന് പിന്നാലെ ഒരു മണിക്കൂറോളം നേരം ബസ് ഓടിച്ച് യദു മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ.
ആര്യയുമായുള്ള തർക്കത്തിന് ശേഷം യാത്രികരുമായുള്ള ബസുമായി യദു യാത്ര തുടർന്നു. ഇതിനിടെ ഒരു മണിക്കൂറോളം നേരം യദു മൊബൈൽ ഫോണിൽ സംസാരിച്ചുവെന്നാണ് പോലീസ് പറയുന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് ഗുരുതര ഗതാഗത ലംഘനം ആണ്. ഇതേ തുടർന്നാണ് കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്.
തൃശ്ശൂരിൽ നിന്നും യാത്ര പുറപ്പെട്ടതിന് പിന്നാലെ തന്നെ പല തവണയായി യദു ഫോൺ ഉപയോഗിച്ചുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഗതാഗത നിയമ ലംഘനം ചൂണ്ടിക്കാട്ടി യദുവിനെതിരെ കെഎസ്ആർടിസിയ്ക്ക് റിപ്പോർട്ട് കൈമാറാൻ ആണ് പോലീസിന്റെ തീരുമാനം. തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നാണ് റിപ്പോർട്ട് കൈമാറുക.
അതേസമയം പോലീസിന്റെ കണ്ടെത്തൽ നിഷേധിച്ച് യദു രംഗത്ത് എത്തി. ഒരു മണിക്കൂർ നേരം തുടർച്ചയായി ഫോണിൽ സംസാരിക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമാണോ എന്ന് യദു ചോദിച്ചു. ഇത്രയും യാത്രികരുമായി പോകുമ്പോൾ ഒരു മണിക്കൂർ നേരം ഫോണിൽ സംസാരിക്കാൻ ആർക്കാണ് കഴിയുക. തനിക്കുമേൽ ഇനിയും കേസുകൾ വന്നേക്കാമെന്നും യദു വ്യക്തമാക്കി.
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നത് ഗുരുതര ഗതാഗത ലംഘനമാണ്. എന്നാൽ ചില സമയം ഫോൺ എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ട്. വീട്ടിൽ നിന്നും വിളിക്കും. സുഖമില്ലാത്ത അമ്മയാണ് വീട്ടിലുള്ളത്. ഈ സാഹചര്യത്തിൽ ഭയം കൊണ്ട് ഫോൺ എടുക്കാറുണ്ടെന്നും യദു കൂട്ടിച്ചേർത്തു.
Discussion about this post