ഛത്തീസ്ഗഡ് : പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ മാതാവ് കൊന്നു കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ പ്രതാപ് പുരിയിലാണ് സംഭവം നടന്നത്. സഹോദരങ്ങളുടെ സഹായത്തോടെയാണ് ഇരയുടെ മാതാവ് പ്രതിയെ കൊലപ്പെടുത്തുകയും കെട്ടി തൂക്കുകയും ചെയ്തത്. സൂരജ്പൂർ പോലീസ് പെൺകുട്ടിയുടെ മാതാവിനെയും മാതൃസഹോദരങ്ങളെയും അറസ്റ്റ് ചെയ്തു.
മെയ് ഒന്നിന് ആയിരുന്നു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശല്യം ചെയ്തതിന്റെ പേരിൽ നിരവധി പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നിരുന്നു. മെയ് ഒന്നാം തീയതി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ചു കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പ്രതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ കുട്ടിയുടെ മാതാവും മാതൃസഹോദരങ്ങളും ചേർന്ന് ഇയാളെ കൊലപ്പെടുത്തി കെട്ടി തൂക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചും മർദ്ദനമേറ്റും ആണ് മരണപ്പെട്ടതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ കാരണം വെളിച്ചത്ത് വരാൻ ഇടയാക്കിയത്.








