ന്യൂഡൽഹി: രാജ്യത്തെ കറൻസിയിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്താൻ നേപ്പാൾ. പുതുതായി പുറത്തിറക്കിയ നൂറ് രൂപയുടെ നോട്ടിലാണ് ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ നേപ്പാൾ ഉൾപ്പെടുത്തുന്നത്. അതേസമയം സംഭവത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചു.
തർക്ക മേഖലകളായ ഇന്ത്യയുടെ മൂന്ന് പ്രദേശങ്ങൾ ആണ് നേപ്പാൾ കറൻസിയിൽ ഉൾപ്പെടുത്തുന്നത്. ലിപുലേഖ്, ലിപിയാദുര, കാലാപാനി എന്നീ പ്രദേശങ്ങളുടെ ചിത്രങ്ങളാണ് ഇവ. ഇതിനായി കഴിഞ്ഞ ദിവസങ്ങളിലായി നേപ്പാൾ ക്യാബിനറ്റ് യോഗം ചേർന്ന് ചർച്ച നടത്തിയിരുന്നു. ഇതിൽ നോട്ടിന്റെ ഡിസൈനിന് അംഗീകാരവും നൽകി. ഇതോടെയാണ് ഇന്ത്യൻ മേഖലകൾ ഉൾപ്പെടുത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.
അതേസമയം സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ വ്യക്തമാക്കി. നോട്ട് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് ലഭിച്ചു. ഇത് വിശദമായി പരിശോധിക്കുകയാണ്. അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് നേപ്പാളുമായി ഇന്ത്യയുടെ ചർച്ചകൾ തുടരുകയാണ്. ഇതിനിടെയാണ് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലുള്ള സമീപനം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post