ബെയ്ജിങ്: നരേന്ദ്ര മോദി ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയയായ വെയ്ബോയില് അംഗമായി.ചൈന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള നീക്കം കൂടിയാണ് മോദിയുടേത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് അക്കൗണ്ടുള്ള വെയ്ബോയില് അംഗമാകുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് മോദി. മോദി അക്കൗണ്ട് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 7000ത്തോളം ഹിറ്റാണ് ലഭിച്ചത്.”ഹലോ ചൈന, ചൈനയിലെ സുഹൃത്തുക്കളുമായി വെയ്ബോയിലൂടെ സംവദിക്കാമെന്ന് കരുതുന്നു.” എന്നാണ് മോദി ആദ്യമായി പോസ്റ്റ് ചെയ്തത്.
മേയ് മാസം 14 മുതല്‍ 16 വരെയാണ് മോദിയുടെ ചൈനാ സന്ദര്‍ശനം. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ചൈന യാത്രയാണിത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങിന്റെ ഗ്രാമത്തിലും മോദി സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര സേവനങ്ങളായ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ചൈനയില്‍ ലഭ്യമല്ല. എന്നാല്‍ ഫേസ്ബുക്കിന്റേയും ട്വിറ്ററിന്റേയും സംയുക്ത രൂപമാണ് വെയ്ബോ. ട്വിറ്ററിലെ പോലെ 140 വാക്കുകള്‍ മാത്രമേ ഇതിലൂടെയും പോസ്റ്റ് ചെയ്യാനാകൂ. എന്നാല്‍ ഫേസ്ബുക്കിലെ പോലെ ചിത്രങ്ങളും എമിക്കോണുകളും, മറ്റും ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. അഞ്ഞൂറ് ദശലക്ഷത്തോളം ഉപയോക്താക്കളാണ് വെയ്ബോ ഉപയോഗിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിക്കുന്ന മോദി ഇന്ത്യയിലെ ജനങ്ങളുമായി ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സംവദിക്കാറുണ്ട്. ട്വിറ്ററില്‍ അദ്ദേഹത്തിന് 12 ദശലക്ഷം പിന്തുടര്‍ച്ചക്കാരാണുള്ളത്. ഫേസ്ബുക്കില്‍ 2.81 കോടി ലൈക്കുകളും അദ്ദേഹത്തിനുണ്ട്.
Discussion about this post