ഇന്ത്യയിലും വിദേശത്തുമായി നടത്തി വരുന്ന ഗുരുകുലങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സുശക്തമാക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ (ബി.എസ്.എം) രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സ്വയംഭരണാധികാരമുള്ള മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാനെ (എം.എസ്.ആര്‍.വി.വി.പി) ഗുരുകുലങ്ങള്‍ തമ്മിലുള്ള ബന്ധം സുശക്തമാക്കാന്‍ നിയമിക്കണമെന്നാണ് ആര്‍.എസ്.എസിന്റെ ഒരു ഭാഗമായ ബി.എസ്.എം ആവശ്യപ്പെടുന്നത്.
മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമായവരുടെ കൂടെ നില്‍ക്കാന്‍ ഗുരുകുല സമ്പ്രദായം പിന്തുടരുന്നവര്‍ക്ക് അവസരമൊരുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
രാജ്യത്ത് 5,000ത്തോളം ഗുരുകുലങ്ങളുണ്ട്. ഇവയെല്ലാം തമ്മില്‍ ഒരു ബന്ധം ഉണ്ടാവണമെന്നാണ് ബി.എസ്.എമ്മിന്റെ നിലപാട്. അതേസമയം സര്‍ക്കാര്‍, ഗുരുകുലങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുത്. അങ്ങനെയൊരു ഇടപെടല്‍ അവയുടെ പ്രബോധന പദ്ധതിയ്ക്ക് കോട്ടം വരുത്തും. ‘ഓരോ ഗുരുകുലത്തിനും അതിന്റേതായ പ്രത്യേക രീതിയിലുള്ള പഠനരീതിയുണ്ട്’ബി.എസ്.എമ്മിന്റെ നാഷണല്‍ സെക്രട്ടറി പറഞ്ഞു.
ഏപ്രിലില്‍ ഉജ്ജയിനിയില്‍ ലോകത്തുള്ള എല്ലാ ഗുരുകുലങ്ങളെയും പങ്കെടുപ്പിച്ച് സമ്മേളനം നടത്തുന്നുണ്ട്. മധ്യ പ്രദേശ് സര്‍ക്കാരാണ് സമ്മേളനം നടത്തുന്നത്. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകറും പങ്കെടുക്കും. ഈ കോണ്‍ഫറന്‍സില്‍ ഭൂട്ടാന്‍, ട്രിനിഡാഡ് ആന്ഡ് ടൊബാഗൊ, മൗറീഷ്യസ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഗുരുകുലത്തിലെ പ്രതിനിധികള്‍ എത്തിച്ചേരും.
Discussion about this post