ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് നിന്നും ജനവിധി തേടുമെന്ന് സൂചന. മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലം കൂടാതെ വടക്കന്‍ കര്‍ണാടകയിലെ ബദാമിയിലും മത്സരിക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം. ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ മാത്രം മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന അനുയായികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉപദേശത്തെ തുടര്‍ന്നാണ് ബദാമിയിലും മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജെ.ഡി (എസ്)ന്റെ സിറ്റിംഗ് സീറ്റായ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കാന്‍ സിദ്ധരാമയ്യയെ എച്ച്.ഡി.കുമാരസ്വാമി വെല്ലുവിളിച്ചു. സിദ്ധരാമയ്യ ഈ വെല്ലുവിളി ഏറ്റെടുത്ത് ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍ കാര്യങ്ങള്‍ അത്ര സുരക്ഷിതമല്ലെന്നാണ് പാര്‍ട്ടി നിഗമനം. ജെ.ഡി (എസ്)ന് വേരോട്ടമുള്ള ചാമുണ്ഡേശ്വരിയില്‍ ബി.ജെ.പിയും പിടിമുറുക്കിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റിച്ചിന്തിപ്പിച്ചത്. 1983 മുതല്‍ 2008വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു മൈസൂരുവിലെ ചാമുണ്ഡേശ്വരി.
Discussion about this post