ഡല്‍ഹി: ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സൈനികാഭ്യാസത്തിനൊരുങ്ങുന്നു. വരുന്ന സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് ഇരു രാജ്യങ്ങളും പങ്കെടുക്കാന്‍ പോകുന്നത്.
ചൈന,റഷ്യ എന്നീ രാജ്യങ്ങളെ കൂടാതെ മറ്റ് ചിലരാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന് ബദലായി ചൈന മുന്കൈയെടുത്ത്രൂപവത്കരിച്ച ഷാങ്ഹായി സഹകരണ സഖ്യമാണ് (എസ്.സി.ഒ) സൈനികാഭ്യാസത്തിന്റെ പിന്നില്‍.
ഭീകരവിരുദ്ധ സൈനിക നടപടികളുടെ അഭ്യാസപ്രകടനമാണ് റഷ്യയില്‍ നടക്കുക. എല്ലാ എസ്.സി.ഒ അംഗരാജ്യങ്ങളും റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങില്‍ നടന്ന എസ്.സി.ഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു
ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരു സൈനികാഭ്യാസത്തില്‍ പങ്കാളികളാകുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ദോക് ലാം സംഘര്‍ഷം ഉണ്ടാകുന്നതുവരെ ചൈനയും ഇന്ത്യയും തമ്മില്‍ സൈനികാഭ്യാസങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒന്നിക്കുന്നു എന്നതും മറ്റൊരു പ്രധാനനീക്കമാണ്.
2001ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടന്ന സമ്മേളനത്തില്‍ വെച്ചാണ് എസ്.സി.ഒയുടെ രൂപീകരണം നടന്നത്. ആദ്യഘട്ടത്തില്‍ ചൈന, റഷ്യ, കിര്‍ഗിസ് റിപ്പബ്ലിക്ക്, കസാഖ്സ്താന്, താജികിസ്താന്‍, ഉസ്ബെക്കിസ്താന് എന്നീ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. 2005ല്‍ നിരീക്ഷക പദവിയുണ്ടായിരുന്ന ഇന്ത്യയ്ക്കും പാകിസ്താനും കഴിഞ്ഞവര്‍ഷം പൂര്‍ണാഗംത്വം ലഭിച്ചു. ഇതോടെ എസ്.സി.ഒ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി.
Discussion about this post