പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു. മകള്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം തികയുമ്പോഴും കൊലയാളി ജയിലില്‍ സുഭിക്ഷമായി കഴിയുകയാണെന്ന് അമ്മ ആരോപിച്ചു. കൊടും കുറ്റവാളിയെ സംരക്ഷിക്കുന്നത് എന്തിനാണെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ചോദിച്ചു.
പ്രതിക്ക് സംരക്ഷണം ലഭിക്കുന്നതിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അവരെയും കണ്ടെത്തണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കൊലയാളി സെന്‍ട്രല്‍ ജയിലില്‍ സുഖമായി ജീവിക്കുകയാണെന്നും അയാളെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നും അമ്മ പറഞ്ഞു. ആവശ്യമുന്നയിച്ച് അവര്‍ ചീഫ് ജസ്റ്റിന് കത്തയച്ചിട്ടുണ്ട്.
ഇത് കൂടാതെ മകള്‍ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് അമ്മ കൊല്ലാന്‍ ശ്രമം നടന്നിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് കുപ്രചരണങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും അവര്‍ പ്രതികരിച്ചു. “മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ശാരീരികപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്. അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും തല ചീകിയതുമെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതായി ചിത്രീകരിച്ചു. പുറത്തിറങ്ങി നിന്നാല്‍ ആളുകള്‍ മോശമായ രീതിയില്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയാണ്. ഇതിനെതിരേ എവിടെയും പരാതി കൊടുത്തിട്ടില്ല. ആളുകള്‍ ഇക്കാര്യം മനസ്സിലാക്കുമെന്നാണ് കരുതുന്നത്”- അവര്‍ പറഞ്ഞു.
Discussion about this post